'ഡിസ്ട്രിബ്യൂട്ടഡ് എർലി വാണിങ് ഡിറ്റക്ഷൻ ബിഗ് ഡാറ്റ പ്ലാറ്റ്‌ഫോം' (DEWDBDP) എന്ന് നാമകരണം ചെയ്യപ്പെട്ട ഈ സംവിധാനം, യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 'ഗോൾഡൻ ഡോം' സ്വപ്ന പദ്ധതിയെ അനുസ്മരിക്കുന്നതാണ്

ബീജിങ്: ആഗോള മിസൈൽ പ്രതിരോധ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. 'ഡിസ്ട്രിബ്യൂട്ടഡ് എർലി വാണിങ് ഡിറ്റക്ഷൻ ബിഗ് ഡാറ്റ പ്ലാറ്റ്‌ഫോം' (DEWDBDP) എന്ന് നാമകരണം ചെയ്യപ്പെട്ട ഈ സംവിധാനം, യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 'ഗോൾഡൻ ഡോം' സ്വപ്ന പദ്ധതിയെ അനുസ്മരിക്കുന്നതാണ്. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് ആഗോള മിസൈൽ ഷീൽഡ് ചൈന വികസിപ്പിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആയിരം മിസൈലുകളെ ഒന്നിച്ച് തകർക്കാൻ ശേഷിയുള്ളതാണ് ഈ സംവിധാനമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചൈനീസ് പ്രതിരോധ ശൃംഖലയുടെ ഈ നിർണായക സംവിധാനം അതിന്‍റെ പ്രോട്ടോടൈപ്പ് വിന്യാസം പ്രാരംഭ ഘട്ടത്തിലെത്തി എന്നാണ് വ്യക്തമാകുന്നത്. ഭൂമി മുഴുവൻ പരന്നുകിടക്കുന്ന ആദ്യത്തെ മിസൈൽ പ്രതിരോധ സംവിധാനം എന്നതാണ് ആഗോള മിസൈൽ ഷീൽഡിന്‍റെ പ്രത്യേകത. ഇത് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി എൽ എ)യുടെ നേതൃത്വത്തിലാണ് വികസിപ്പിക്കുന്നത്. ചൈനയുടെ പ്രതിരോധ മേഖലയെ ലോകത്തിലെ ഏറ്റവും സുശക്തമാക്കാനാകുന്നതാണ് ആഗോള മിസൈൽ ഷീൽഡ് സംവിധാനം.

ആയിരം മിസൈലുകൾ തകർത്തെറിയും

ലോകത്തെവിടെനിന്നും ചൈനയ്ക്കെതിരെ തൊടുത്തുവിടുന്ന ആയിരം മിസൈലുകൾ വരെ ഒരേസമയം നിരീക്ഷിക്കാനും തകർക്കാനുമുള്ള കഴിവുണ്ടാകും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന കരുത്ത്. കര, കടൽ, വായു, ബഹിരാകാശം എന്നിവിടങ്ങളിൽനിന്നുള്ള എല്ലാ ഭീഷണികളെയും കണ്ടെത്തി വിശകലനം ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്നാണ് വ്യക്തമാകുന്നത്. ബിഗ് ഡാറ്റ സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ള ഈ പ്ലാറ്റ്‌ഫോം, എർലി വാണിങ് സിഗ്നലുകൾ വിതരണം ചെയ്ത് തത്സമയം പ്രതിരോധം ഏകോപിപ്പിക്കും. ചൈനയ്ക്ക് നേരെയുള്ള ആക്രമണ സാധ്യതകളെ പോലും മുൻകൂട്ടി തിരിച്ചറിയുകയും അവയെ പ്രതിരോധിക്കുകയും ചെയ്യുന്നതാകും ഈ സംവിധാനമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചൈനയെ സംബന്ധിച്ചടുത്തോളം രാജ്യ സുരക്ഷയെ ശക്തിപ്പെടുത്തുന്നതിൽ നിർണായകമാണ് ഇത്.

ഡോൾഡൻ ഡോമിനും ഒരു മുഴം മുന്നേ

ചൈനയുടെ ഈ നീക്കം ആഗോള ശാക്തിക സമവാക്യങ്ങളെ മാറ്റിമറിക്കുമെന്നാണ് വിലയിരുത്തലുകൾ. യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ സ്വപ്ന പദ്ധതിയായ 'ഗോൾഡൻ ഡോം' വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോഴാണ് ഒരു മുഴം മുന്നേ ചൈന ഇത് സാധ്യമാക്കുന്നത്. താരിഫ് ഭീഷണികളിലൂടെയുള്ള വ്യാപാര യുദ്ധം ശക്തമാകുന്നതിനിടെ ചൈന, ആഗോള മിസൈൽ ഷീൽഡ് കൂടി സജ്ജമാക്കുന്നത് അമേരിക്കക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകൾ. അതേസമയം തന്നെ ചൈനയുടെ ഈ നീക്കം അന്താരാഷ്ട്ര സമാധാനത്തിന് വെല്ലുവിളിയാകുമോ എന്ന ആശങ്കകളും സൃഷ്ടിക്കുന്നുണ്ട്. പി എൽ എയുടെ നിരന്തര പരീക്ഷണങ്ങൾക്കൊടുവിലാണ് ആഗോള മിസൈൽ ഷീൽഡ് യാഥാർത്ഥ്യത്തിലേക്ക് എത്തുന്നത്. പ്രാരംഭ ഘട്ടം കടന്നാൻ അതിവേഗം ഈ സംവിധാനം യാഥാർഥ്യമാക്കാനാകുമെന്നാണ് ചൈനയുടെ പ്രതീക്ഷ.