പക്ഷേ തായ്വാൻ അതെല്ലാം തള്ളിക്കളഞ്ഞുവെന്ന് വ്യക്തമായിരിക്കുന്നു. കുഴപ്പക്കാരൻ എന്ന് ചൈന പേരിട്ട വില്യം ലായി സായ് ഇങ് വെന്നിനേക്കാൾ വലിയ ഭീഷണിയായി കണ്ടു ബീജിംഗ്.
ബീജിങ്: ലോകത്തിന്റെ കണ്ണുകൾ ഇന്ന് തായ്‍വാനിലെ നിയുക്ത പ്രസിഡന്റ് വില്യം ലായിയിലാണ്. ചൈന എന്ന വൻശക്തിയെ, ലായ് എങ്ങനെ വരുതിയിൽ നിർത്തുമെന്നറിയാൻ കാത്തിരിക്കയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ. ബീജിംഗിന് കനത്ത തിരിച്ചടിയാണ് ലായിയുടെ ജയം. ചൈനയെന്ന ഗോലിയാത്തിനോട് ഏറ്റുമുട്ടാൻ തീരെയും മടികാണിക്കാത്ത സായ് ഇങ് വെന്നിന്റെ പിൻഗാമി. മുൻകാലങ്ങളിലെ കടുത്ത ചൈനാ വിരുദ്ധത. വില്യം ലായ് ഏറ്റുമുട്ടിയത് ചൈനയുടെ സ്വന്തം കുമിൻടാങ് പാർട്ടിയോട്. ലായിക്കെതിരെ ചൈന അഴിച്ചുനവിട്ടത് വൻപ്രചാരണം. പക്ഷേ തായ്വാൻ അതെല്ലാം തള്ളിക്കളഞ്ഞുവെന്ന് വ്യക്തമായിരിക്കുന്നു. കുഴപ്പക്കാരൻ എന്ന് ചൈന പേരിട്ട വില്യം ലായി സായ് ഇങ് വെന്നിനേക്കാൾ വലിയ ഭീഷണിയായി കണ്ടു ബീജിംഗ്.
ഈ ധാരണ തിരുത്താൻ ലായ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ശ്രമിച്ചിരുന്നു. യുദ്ധം ആർക്കും ഗുണം ചെയ്യില്ല എന്ന തിരിച്ചറിവുണ്ട് ലായ്ക്ക്. ആഗോള വ്യാപാരരംഗത്ത് പതിനാറാം സ്ഥാനത്താണ് തായ്‍വാൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനടക്കം ഒഴിവാക്കാൻ പറ്റാത്ത സെമി കണ്ടക്ടർ ചിപ്പുകളുടെ ഉൽപ്പാദനം 90 ശതമാനം. ഉപരോധം ഉണ്ടായാൽ അത് 2 ട്രില്യന്റെ സാന്പത്തിക ഇടപാടുകളെ ബാധിക്കും. പക്ഷേ ബീജിംഗിന് തായ്‍വാനെന്നാൽ രാഷ്ട്രീയ വിജയം മാത്രമല്ല, ഇന്തോ പസഫിക് മേഖലയിലെ ആധിപത്യവും, സെമി കണ്ടക്ടർ ചിപ്പുകളുടെ ഭാവിയും ഒക്കെ കൂടിയാണ്.
ചൈനയുമായി ചർച്ചയാകാമെന്ന് പറയുന്പോഴും തായ്‍വാന്റെ നിലവിലെ സ്ഥിതി തുടരണമെന്നതിൽ വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കുന്നുണ്ട് ലായി. തായ്‍വാനിൽ ഇന്ന് പല പക്ഷക്കാരാണ്. ചിലർക്ക് ചൈനീസ് വൻകരയുമായുള്ള ഐക്യപ്പെടൽ ഒരു സ്വപ്നമാണ്. ചിലർക്ക് ദുസ്വപ്നവും. പക്ഷേ ഇത് രണ്ടുമല്ലാതെ , ഇപ്പോഴത്തെ സ്ഥിതി തുടർന്ന്, ചൈനയുമായി വ്യാപാരബന്ധം തുടരാൻ താൽപര്യമുള്ള യുവതലമുറയുമുണ്ട്. അവക്ക് ലായിയുടെ നിലപാട് മനസിലാകും. പക്ഷേ ബീജിംഗിന്റെ താൽപര്യങ്ങൾക്ക് അത് ചേരില്ല.ലായിയുടെ സമവായശ്രമം ബീിജിംഗ് എങ്ങനെ കാണുമെന്ന് ഉറപ്പുമില്ല
