'അമേരിക്കൻ യുവതിയുമായി രഹസ്യ ബന്ധം, ഒരു കുട്ടിയും'; വിദേശകാര്യ മന്ത്രിയെ ചൈന പുറത്താക്കിയത് എന്തിന് ?
അമേരിക്കയില്‍ ഒരു സ്ത്രീയുമായി ചിന്‍ ഗാങ്ങിന് രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നും അതിനാലാണ് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതെന്നുമാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബെയ്ജിങ്: ചൈനീസ് പ്രതിരോധ മന്ത്രിയുടെ തീരോധാനത്തിന് പിന്നാലെ മുന്‍ വിദേശകാര്യ മന്ത്രി ചിന്‍ ഗാങ്ങിനെ കാണാനില്ലെന്ന വാർത്തകളും ചർച്ചയാകുന്നു. ഒരുമാസമായി ചിന്‍ ഗാങ്ങിനെ പൊതുവേദികളിലൊന്നും കാണാനില്ല. മന്ത്രിസ്ഥാനം ഏറ്റെടുത്ത് ഏഴാം മാസത്തിലാണ് ചിന്‍ ഗാങ്ങിനെ ചൈനീസ് ഭരണകൂടം പുറത്താക്കിയത്. അമേരിക്കയില്‍ ഒരു സ്ത്രീയുമായി ചിന്‍ ഗാങ്ങിന് രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നും അതിനാലാണ് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതെന്നുമാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിന്‍ യുഎസ് അംബാസഡര്‍ ആയിരുന്നപ്പോള്‍ ഒരു അമേരിക്കൻ സ്ത്രീയുമായി ബന്ധത്തിലായെന്നും അതില്‍ ഒരു കുട്ടിയുണ്ടെന്നും ചൈന കണ്ടെത്തിയെന്നും, അതിനെ തുടര്‍ന്നാണു മന്ത്രിസ്ഥാനത്ത് നിന്നും നീക്കിയതെന്നുമാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് യുവതിയുമായുള്ള ചിന്നിന്റെ ബന്ധം രാജ്യസുരക്ഷയെ ബാധിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതുവരെ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ചിന്‍ ഗാങിനെ പുറത്താക്കി വാങ് യിയെ വിദേശകാര്യമന്ത്രിയായി നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്ഥിരം സമിതി പ്രഖ്യാപിക്കുകയായിരുന്നു. യുഎസില്‍ അംബാസഡര്‍ ആയിരുന്ന ചിന്‍ കഴിഞ്ഞ ഡിസംബറിലാണ് ചൈനയുടെ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റത്. ഈ വർഷം മാർച്ചിൽ ദില്ലിയില്‍ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയില്‍ ചിന്‍ ഗാങ് പങ്കെടുത്തിരുന്നു.
ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫു ആഴ്ചകളായി പൊതുവേദികളില്‍നിന്ന് ഉള്‍പ്പെടെ കാണാനില്ലാത്ത സംഭവം സാമൂഹിക മാധ്യമങ്ങളിലും പശ്ചാത്യമാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. അഴിമതിയാരോപണത്തെതുടര്‍ന്ന് ലി ഷാങ്ഫു അന്വേഷണം നേരിടുകയാണെന്നും മന്ത്രിസ്ഥാനത്തുനിന്നും അധികം വൈകാതെ നീക്കം ചെയ്യുമെന്നുമാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ, ചൈനീസ് പ്രതിരോധ മന്ത്രി വീട്ടുതടങ്കലിലാണോയെന്ന ചോദ്യമുയര്‍ത്തി ജപ്പാനിലെ യു.എസ് സ്ഥാനപതി റഹ്ം ഇമ്മാനുവല്‍ എക്സ് പ്ലാറ്റ്ഫോമിലിട്ട കുറിപ്പും ചര്‍ച്ചയായി. എന്നാല്‍, ഇത്തരം വാര്‍ത്തകളോട് ഇതുവരെ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.