എട്ട് ചൈനീസ് വിമാനങ്ങളും അഞ്ച് നാവിക കപ്പലുകളും ഉൾപ്പെടെ കണ്ടെത്തിയെന്ന് തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

തായ്‌പേയ്: തായ്‌വാനെതിരെയുള്ള ചൈനീസ് ഭീഷണി അയവില്ലാതെ തുടരുന്നു. ഇന്ന് രാവിലെ 6 മണി വരെ തായ്‌വാന് ചുറ്റും എട്ട് ചൈനീസ് വിമാനങ്ങളും അഞ്ച് നാവിക കപ്പലുകളും മറ്റൊരു ഔദ്യോ​ഗിക കപ്പലും കണ്ടെത്തിയതായി തായ്‌വാനിലെ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അവയിൽ 6 വിമാനങ്ങൾ മീഡിയൻ ലൈൻ കടന്ന് തായ്‌വാനിലെ തെക്കുപടിഞ്ഞാറൻ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിൽ പ്രവേശിച്ചു. സ്ഥിതി​ഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് തായ്‌വാൻ അറിയിച്ചു. 

കഴിഞ്ഞ ദിവസം തായ്‌വാൻ അതിർത്തിയ്ക്ക് സമീപം ഒരു ചൈനീസ് വിമാനവും 6 കപ്പലുകളും കണ്ടെത്തിയിരുന്നു. സമീപ കാലത്ത് തായ്‌വാനെ ലക്ഷ്യമിട്ട് ചൈന നടത്തുന്ന നീക്കങ്ങൾക്ക് വേ​ഗം കൂടിയിട്ടുണ്ട്. തായ്‌വാന് സമീപമെത്തുന്ന ചൈനീസ് വിമാനങ്ങളുടെയും നാവിക കപ്പലുകളുടെയും എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്. ഇതിനിടെ, അത്യാധുനികമായ നാവിക ഉപകരണങ്ങൾ ഉപയോഗിച്ച് തായ്‌വാനിലെ ബീച്ചുകൾ ആക്രമിക്കാൻ ചൈന തയ്യാറെടുക്കുന്നു എന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. ലോകത്തിലെ മറ്റൊരു നാവിക സേനയ്ക്കും ഇല്ലാത്ത ഭീമാകാരമായ ലാൻഡിംഗ് ഹെലികോപ്റ്റർ അസോൾട്ട് വെസലിന്റെ (എൽഎച്ച്എ) ലോഞ്ചിം​ഗും ബീച്ച് ലാൻഡിംഗ് സമയത്ത് കപ്പലുകൾ ഇറക്കുന്നതിന് സഹായിക്കുന്നതിന് ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഡോക്കുകളുടെ വൻതോതിലുള്ള ഉത്പാദനവുമെല്ലാം ഇതിന്റെ ഭാ​ഗമാണെന്നാണ് വിലയിരുത്തൽ. 

READ MORE:  'ഞങ്ങൾ നിങ്ങളെ കണ്ടെത്തും, കൊന്ന് കുഴിച്ചുമൂടും'; സൊമാലിയയിൽ നിരവധി ഐഎസ് ഭീകരരെ വധിച്ചെന്ന് ട്രംപ്