ബിയജിംങ്: കൊറോണ വൈറസ്  വ്യാപനം സംബന്ധിച്ച് ചൈനീസ് പങ്കില്‍ സംശയം പ്രകടിപ്പിച്ച ഓസ്ട്രേലിയയ്ക്ക് മറുപടിയുമായി ചൈന. നേരത്തെ കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം ആവശ്യമാണ് എന്നാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കൊവിഡ് വ്യാപനം സംബന്ധിച്ച് ആഗോളതലത്തില്‍ അമേരിക്ക ചൈനയ്ക്കെതിരെ നടത്തുന്ന പ്രചരണത്തിനൊപ്പം ചേരുകയാണ് ഓസ്ട്രേലിയ എന്നാണ് ചൈന തിരിച്ചടിച്ചത്. 

നേരത്തെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ചൈനയ്ക്കെതിരെ പരോക്ഷമായ ആരോപണവുമായി രംഗത്ത് എത്തിയത്. വളരെ ഉപകാരപ്രഥമായ സംഭാഷണം എന്ന് ഇതിനെ സംബന്ധിച്ച് ട്വീറ്റ് ചെയ്ത മോറിസണ്‍. രണ്ട് രാജ്യങ്ങളുടെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും, സാമ്പത്തിക രംഗം വീണ്ടും തുറക്കാനുള്ള നീക്കങ്ങള്‍ സംബന്ധിച്ചും സംസാരിച്ചെന്ന് മോറിസണ്‍ സൂചിപ്പിച്ചു.

ഒപ്പം തന്നെ ലോകാരോഗ്യ സംഘടനയെക്കുറിച്ചു, ലോകത്തിന്‍റെ കൊവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാണമെന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തിയെന്നും മോറിസണ്‍ കൂട്ടിച്ചേര്‍ത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം തന്നെ ചൈനയുടെ കൊവിഡ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്ന് ഓസ്ട്രേലിയന്‍ ജനപ്രതിനിധികള്‍ ആരോപണം ഉന്നയിച്ചിരുന്നു. 

ഈ നിലപാടിനെതിരെ രംഗത്ത് എത്തിയ കാനബെറയിലെ ചൈനീസ് എംബസി ഇറക്കിയ പത്രകുറിപ്പില്‍ ഓസ്ട്രേലിയന്‍ അധികൃതര്‍ ട്രംപിന്‍റെ ജിഹ്വയായി പ്രവര്‍ത്തിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ചൈനയ്ക്കെതിരായ അമേരിക്കയുടെ രാഷ്ട്രീയ വിമര്‍ശനങ്ങളെ ഏറ്റുപിടിക്കുകയാണ് ഇവരെന്ന് ചൈന കുറ്റപ്പെടുത്തി.

അതേ സമയം ഫ്രാന്‍സ്, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ ഇപ്പോള്‍ നടക്കുന്ന പഴിചാരല്‍ ആരോപണങ്ങളില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ വൈറസിനെ നേരിടുന്ന കാര്യത്തിലാണ് പ്രധാന്യം നല്‍കേണ്ടത് എന്നാണ് ഈ രാജ്യങ്ങളുടെ അഭിപ്രായം. എന്നാല്‍ കഴിഞ്ഞ ദിവസം ജര്‍മ്മനി ചൈനയ്ക്കെതിരെ രംഗത്ത് എത്തിയിരുന്നു.

ഇതേസമയം, ചൈനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ യുഎസ് സംസ്ഥാനമായ മിസോറി തീരുമാനിച്ചു. കോവിഡിന്റെ യഥാർഥ വിവരങ്ങൾ മൂടിവച്ച ചൈന, മുന്നറിയിപ്പു നൽകിയവരെ നിശ്ശബ്ദരാക്കിയെന്നും രോഗം പടരുന്നതു തടയാൻ ഒന്നും ചെയ്തില്ലെന്നും അവർ ആരോപിച്ചു.