ദില്ലി: ജെയ്ഷെ മുഹമ്മദ് ഭീകരന്‍  മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ചൈന അനുകൂല നിലപാട് സ്വീകരിക്കാന്‍ സാധ്യത. പ്രശ്നം ശരിയായ മാര്‍ഗത്തിലൂടെ പരിഹരിക്കുമെന്ന്  ചൈനീസ് വിദേശ കാര്യ വക്താവ് ബിജീംഗില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് എന്നിവ സംയുക്തമായി യുഎന്നിന്‍റെ പ്രത്യേക സമിതി മുമ്പാകെ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍, വിഷയം തല്‍ക്കാലത്തേക്ക് മാറ്റിവെക്കാന്‍ ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാസാക്കാനായില്ല. തുടര്‍ന്ന് വിഷയം യുഎന്‍ രക്ഷാ സമിതിക്ക് മുമ്പാകെ എത്തി. രക്ഷാ സമിതിയില്‍ ചര്‍ച്ച വന്നാല്‍ എതിര്‍പ്പിന്‍റെ കാരണം ചൈനക്ക് പരസ്യപ്പെടുത്തേണ്ടി വരും. ഈ സാഹചര്യത്തില്‍ പ്രത്യേക സമിതിയില് വെച്ച് തന്നെ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ചൈനയുടെ നീക്കം. പ്രത്യേക സമിതിയിലെ ചര്ച്ചകള്‍ക്ക് രഹസ്യ സ്വഭാവമാണുള്ളത്.