താലിബാന്റെ കാര്യത്തിൽ വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങൾ പഠിച്ച് വൈകാതെ ഒരു തീരുമാനം കൈക്കൊള്ളും എന്നാണ് റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ പ്രതിനിധി പറഞ്ഞത്

ബെയ്ജിങ്: താലിബാനുമായി സൗഹൃദത്തിന് തയ്യാറെന്ന് ചൈന. ചൈനയുമായി സഹകരിച്ചു പ്രവർത്തിക്കാമെന്ന താലിബാന്‍റെ നിലപാട് സ്വാഗതാർഹമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹൂ ചുൻയിങ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍റെ പുനരുദ്ധാരണത്തിന് ചൈനയുടെ പങ്കാളിത്തം താലിബാൻ അഭ്യർത്ഥിച്ചുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. അധികാരകൈമാറ്റം ജനങ്ങളുടെ അംഗീകാരത്തോടെ സമാധാനപരമായി വേണമെന്നും ചൈന നിർദ്ദേശിച്ചു.

പാകിസ്ഥാനും താലിബാനെ പരസ്യമായി അംഗീകരിച്ച് രംഗത്തെത്തി. താലിബാനെ അനുകൂലിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനടക്കമുള്ളവർ രംഗത്തെത്തി. അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ പൊട്ടിച്ചത് അടിമത്തത്തിൻറെ ചങ്ങലകളാണെന്നാണ് ഇമ്രാൻ അഭിപ്രായപ്പെട്ടത്. അഫ്ഗാൻ ജനതയെ തുടർച്ചയായ സംഘർഷത്തിലേക്ക് തള്ളിവിടാതെ ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്നും പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി വ്യക്തമാക്കി.

എന്നാൽ റഷ്യയും ബ്രിട്ടനും കരുതലോടെയാണ് പ്രതികരിച്ചത്. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതായി ബ്രിട്ടന്‍ വ്യക്തമാക്കി. ബ്രിട്ടനും നാറ്റോ സൈന്യവും താലിബാനെതിരെ പോരാടാന്‍ അഫ്ഗാനിലേക്ക് പോകില്ലെന്നും ബ്രിട്ടന്‍ പ്രതിരോധ സെക്രട്ടറി ബെന്‍ വെല്ലാസ് സ്‌കൈ ന്യൂസിലൂടെ വ്യക്തമാക്കി. താലിബാന്റെ കാര്യത്തിൽ വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങൾ പഠിച്ച് വൈകാതെ ഒരു തീരുമാനം കൈക്കൊള്ളും എന്നാണ് റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ പ്രതിനിധിയായ സമീർ കാബുലോവ് പറഞ്ഞത്.

അതിനിടെ അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യയുടെ അധ്യക്ഷതയിൽ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ യോഗം തുടങ്ങി. രക്ഷാ സമിതി അടിയന്തര യോഗം കൂടുന്ന സാഹചര്യത്തിൽ താലിബാനോടുള്ള ലോകരാജ്യങ്ങളുടെ നിലപാടുകൾ ഏറെ നിർണായകമാണ്. അതേസമയം അഫ്ഗാനിലെങ്ങും കൂട്ടപലായനത്തിൻ്റെ കാഴ്ചകളാണ്. വിമാനത്താവളത്തിലേക്ക് ഇരച്ചെത്തി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ജനങ്ങൾ. തിരക്കിലും മറ്റും പെട്ട് പലരും മരിച്ചു. വിമാനത്തിന്‍റെ വശങ്ങളിൽ പിടിച്ചിരുന്ന് യാത്രചെയ്യാൻ ശ്രമിക്കവെ പിടിവിട്ട് 3 പേർക്ക് ജീവൻ നഷ്ടമായി. അഫ്ഗാൻ ജനതയുടെ പലായനത്തിന്‍റെ നടുക്കുന്ന ദൃശ്യമായി ഇത് മാറിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍