ഷാക്‌സ്‌ഗാം താഴ്‌വരയിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങളെയും അവകാശവാദങ്ങളെയും ഇന്ത്യ ശക്തമായി എതിർത്തു. 1963-ൽ പാകിസ്ഥാൻ നിയമവിരുദ്ധമായി ചൈനയ്ക്ക് കൈമാറിയ ഇന്ത്യൻ പ്രദേശമാണിതെന്ന് ഇന്ത്യ വ്യക്തമാക്കി.
ദില്ലി: ഇന്ത്യയുടെ എതിർപ്പുകൾക്കിടയിലും ഷാക്‌സ്‌ഗാം താഴ്‌വരയ്ക്ക് മേലുള്ള തങ്ങളുടെ അവകാശവാദം വീണ്ടും ഉന്നയിച്ച് ചൈന. പ്രദേശത്തെ അടിസ്ഥാന സൗകര്യ പദ്ധതികൾ അനിവാര്യമാണെന്നും ചൈന വ്യക്തമാക്കി. ഷാക്‌സ്ഗാം താഴ്‌വരയിലെ ചൈനയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യ വിമർശിച്ചിരുന്നു. പ്രദേശം ഇന്ത്യയുടേതാണെന്നും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ഇന്ത്യ അറിയിച്ചിരുന്നു. 1963-ൽ പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരുന്ന ഷാക്‌സ്ഗാം താഴ്‌വരയിലെ 5,180 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ചൈനയ്ക്ക് നിയമവിരുദ്ധമായി വിട്ടുകൊടുക്കുകയായിരുന്നു.
ഷാക്സ്ഗാം താഴ്‌വര ഇന്ത്യയുടെ പ്രദേശമാണ്. 1963-ൽ ഒപ്പുവച്ച ചൈന-പാകിസ്ഥാൻ 'അതിർത്തി കരാർ' എന്ന് വിളിക്കപ്പെടുന്നതിനെ ഞങ്ങൾ ഒരിക്കലും അംഗീകരിച്ചിട്ടില്ല. കരാർ നിയമവിരുദ്ധവും അസാധുവുമാണെന്ന് ഇന്ത്യ നിരന്തരം വാദിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശത്തിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയെയും അംഗീകരിക്കുന്നില്ലെന്ന് ഇന്ത്യ അറിയിച്ചു.
ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യമാണെന്ന് ജയ്‌സ്വാൾ പറഞ്ഞു. ഇത് പലതവണ പാകിസ്ഥാൻ, ചൈനീസ് അധികാരികളെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയ്‌സ്വാളിന്റെ അഭിപ്രായങ്ങളോട് പ്രതികരിച്ചുകൊണ്ട്, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് രംഗത്തെത്തി. ഇന്ത്യ പരാമർശിച്ച പ്രദേശം ചൈനയുടേതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം പ്രദേശത്ത് അടിസ്ഥാന സൗകര്യ നിർമ്മാണം നടത്തുന്നത് ചൈനയ്ക്ക് പൂർണ്ണമായും ന്യായീകരിക്കാവുന്നതാണ്. 1960 കളിൽ ചൈനയും പാകിസ്ഥാനും അതിർത്തി കരാറിൽ ഒപ്പുവെക്കുകയും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള അതിർത്തി നിർണ്ണയിക്കുകയും ചെയ്തു. ഇത് പരമാധികാര രാജ്യങ്ങൾ എന്ന നിലയിൽ ചൈനയ്ക്കും പാകിസ്ഥാനും ഉള്ള അവകാശമാണെന്നും ചൈനീസ് വക്താവ് പറഞ്ഞു.
