Asianet News MalayalamAsianet News Malayalam

ലോകം തരിച്ച്നില്‍ക്കുമ്പോള്‍ ചൈന സാധാരണനിലയിലേക്ക്; കൊറോണ ഉത്ഭവിച്ച ഹുബെയ് പ്രവിശ്യയിലെ ലോക്ക്ഡൗണ്‍ നീക്കുന്നു

പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ ഏപ്രില്‍ എട്ടിന് മാത്രമേ യാത്രാ വിലക്ക് നീക്കുകയുള്ളൂ. ജനുവരി 23 മുതലാണ് പ്രവിശ്യയില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചത്.

China's Hubei to ease some travel curbs after months of lockdown
Author
Hubei, First Published Mar 24, 2020, 8:53 PM IST

വുഹാന്‍: കൊറോണവൈറസ് ആദ്യമായി സ്ഥിരീകരിച്ച ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ലോക്ക്ഡൗണ്‍ നീക്കി തുടങ്ങി. വൈറസ് വ്യാപനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത വുഹാനൊഴിച്ച് മറ്റ് മേഖലകളിലെല്ലാം ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ നീക്കും. ഏപ്രില്‍ എട്ടിന് ശേഷം വുഹാനും ലോക്ക്ഡൗണില്‍ നിന്ന് മോചിതമാകും. പ്രവിശ്യയിലെ എല്ലാവരും ആരോഗ്യവാന്മാരാണെന്നും ഇനി സാധാരണ നിലയിലേക്ക് എത്താമെന്നും അധികൃതര്‍ അറിയിച്ചു. ഒരാഴ്ചക്ക് ശേഷം വുഹാനില്‍ ഒരു കൊവിഡ് 19 കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് ലോക്ക്ഡൗണ്‍ നീക്കുന്നത്. 

ആദ്യഘട്ടത്തില്‍ യാത്രാവിലക്കാണ് നീക്കുന്നത്. ഹെല്‍ത്ത് ക്ലിയറന്‍സ് ലഭിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച മുതല്‍ യാത്ര അനുമതി ലഭിക്കും. പൊതുഗതാഗത സംവിധാനവും സാധാരണ നിലയിലാകും. പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ ഏപ്രില്‍ എട്ടിന് മാത്രമേ യാത്രാ വിലക്ക് നീക്കുകയുള്ളൂ. ജനുവരി 23 മുതലാണ് പ്രവിശ്യയില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചത്. വിലക്ക് നീക്കുന്നതോടെ യാത്രക്കായി ഗ്രീന്‍ കോഡ് നല്‍കും. കൊറോണവൈറസ് രോഗബാധിതനല്ലെന്ന സര്‍ക്കാര്‍ സത്യവാങ്മൂലമാണ് ഗ്രീന്‍ കോഡ്. 

അതേസമയം, ചൈനയിലെ കോവിഡ് 19 ബാധ പൂര്‍ണമായി നീങ്ങിയിട്ടില്ല. തലസ്ഥാനമായ ബീജിംഗിലുള്‍പ്പെടെ പുതിയതായി 78 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 74 പേര്‍ പുറം രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ബീജിംഗില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത പുറത്തുവന്നു. ഇപ്പോള്‍ ചൈനയില്‍ 427 പേര്‍ക്കാണ് രോഗബാധ. 

ചൈന ലോക്ക്ഡൗണ്‍ നീക്കുമ്പോള്‍ ലോകമാകെ ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ മിക്കതും ലോക്ക്ഡൗണിലേക്ക് നീങ്ങി. ഇന്ത്യയും ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണായി. അമേരിക്കയിലെ ചില സ്‌റ്റേറ്റുകള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇറ്റലിയും സ്‌പെയിനും ഫ്രാന്‍സും ബ്രിട്ടനും തുടങ്ങി പ്രധാന രാജ്യങ്ങളെല്ലാം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇറ്റലിയില്‍ മരണസംഖ്യ 6000 കടന്നു. സ്‌പെയിനിലും പ്രതിദിനം മരണ സംഖ്യ ഉയരുകയാണ്. പല രാജ്യങ്ങളിലും യുദ്ധസമാന ഒരുക്കമാണ് നടത്തുന്നത്. 

ചൈനയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് 19 ബാധിച്ചത്. 81171 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 3277 പേര്‍ മരിച്ചു. കൊവിഡ് 19 രാജ്യത്തെ സാമ്പത്തിക നില മോശമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഉല്‍പാദന രംഗവും ടൂറിസം രംഗവും കുത്തനെ ഇടിഞ്ഞു.
 

Follow Us:
Download App:
  • android
  • ios