ഇറാനിലേക്ക് ആയുധങ്ങൾ നൽകാൻ ശ്രമിച്ചാൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50% അധിക നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. 

വാഷിംഗ്ടൺ: ഇസ്‌ലാമാബാദിലെ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാന് ചൈന ആയുധങ്ങൾ നൽകുമെന്ന വിവരം പുറത്ത് വന്നതോടെ ചൈനയ്ക്കും ഇറാനുമെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാനിലേക്ക് ചൈന ആയുധങ്ങൾ നൽകാൻ ശ്രമിച്ചാൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50% അധിക നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. രണ്ടാഴ്‌ചത്തെ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെ, ചൈന ഇറാനിലേക്ക് ആയുധങ്ങൾ അയക്കാൻ തയ്യാറെടുക്കുന്നുവെന്നായിരുന്നു പുറത്ത് വന്ന ഇൻ്റലിജൻസ് റിപ്പോർട്ട്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ചൈന അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല, അതുണ്ടായാൽ അവർ 50% താരിഫ് നേരിടേണ്ടി വരും. അതൊരു വൻ തുകയായിരിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

Add Asianetnews as a Preferred SourcegooglePreferred

അടുത്ത മാസം ചൈന സന്ദർശിക്കാനിരിക്കെയാണ് ട്രംപിന്റെ കടുത്ത പരാമർശം. ഇറാനിലേക്ക് ചൈന പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അയക്കാൻ ഒരുങ്ങുന്നുവെന്ന് സിഎൻഎനാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെയാണ് ആയുധ കൈമാറ്റ വാർത്തകൾ പുറത്തുവരുന്നത്. ചൈനയ്ക്കെതിരെ ഭീഷണി മുഴക്കുന്നതിനിടയിലും, ചൈനയ്ക്ക് ക്രൂഡ് ഓയിൽ വിൽക്കാൻ തയ്യാറാണെന്ന് ട്രംപ് അറിയിച്ചു. അമേരിക്കയിൽ നിന്നുള്ള എണ്ണയ്ക്ക് പുറമെ വെനസ്വേലയിൽ നിന്നുള്ള എണ്ണയും നൽകാമെന്നാണ് വാഗ്ദാനം. ഈ വർഷം ആദ്യം വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടിയതിനെത്തുടർന്ന് നിലവിൽ വെനസ്വേലയുടെ ഭരണം അമേരിക്കയുടെ നിയന്ത്രണത്തിലാണ്. ഇസ്‌ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടത് മേഖലയിൽ വീണ്ടും യുദ്ധഭീതി വർധിപ്പിച്ചിരിക്കുകയാണ്. അതിനിടയിലാണ് ചൈന ഇറാന് ആയുധം നൽകുമെന്ന വിവരവും പുറത്ത് വരുന്നത്.