തായ്‌വാന് ചുറ്റും വീണ്ടും ചൈനീസ് സൈനിക സാന്നിധ്യം. ശനിയാഴ്ച 17 വിമാനങ്ങൾ അതിർത്തി ലംഘിച്ചിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് തായ്‌വാൻ വ്യക്തമാക്കി.
തായ്‌വാന് ചുറ്റും ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം തുടരുന്നതായി റിപ്പോർട്ട്. ഞായറാഴ്ച 8 ചൈനീസ് യുദ്ധക്കപ്പലുകളും 2 സൈനിക വിമാനങ്ങളും 4 ഔദ്യോഗിക കപ്പലുകളും തങ്ങളുടെ പരിധിയിൽ കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ ഒരു വിമാനം തായ്‌വാന്റെ വ്യോമ പ്രതിരോധ മേഖലയിലേക്ക് കടന്നുകയറിയെന്നും മന്ത്രാലയം എക്‌സിലൂടെ വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും തായ്‌വാൻ സൈന്യം പ്രതികരിച്ചിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നു.
"ഇന്ന് രാവിലെ 6 മണി വരെ തായ്‌വാന് ചുറ്റും ചൈനയുടെ 2 വിമാനങ്ങളും 8 യുദ്ധക്കപ്പലുകളും 4 ഔദ്യോഗിക കപ്പലുകളും കണ്ടെത്തി. ഇതിൽ ഒരു വിമാനം തായ്‌വാന്റെ തെക്കുകിഴക്കൻ വ്യോമ പ്രതിരോധ മേഖലയിലേക്ക് കടന്നു. തായ്‌വാൻ സൈന്യം സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്" മന്ത്രാലയം കുറിച്ചു.
കഴിഞ്ഞ ദിവസം ഇതിലും വലിയ സൈനിക നീക്കമാണ് ചൈന നടത്തിയത്. രാവിലെ 6 മണി വരെയുള്ള കണക്കുകൾ പ്രകാരം 17 ചൈനീസ് സൈനിക വിമാനങ്ങളും ഏഴ് യുദ്ധക്കപ്പലുകളും ഒരു ഔദ്യോഗിക കപ്പലും തായ്‌വാൻ തീരത്ത് കണ്ടെത്തിയിരുന്നു. 17 വിമാനങ്ങളിൽ 15 എണ്ണവും ഇരു രാജ്യങ്ങളെയും വേർതിരിക്കുന്ന മധ്യരേഖ കടന്ന് തായ്‌വാന്റെ വ്യോമ പ്രതിരോധ മേഖലയിലേക്ക് പ്രവേശിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ ഏറെ സങ്കീർണ്ണമാണ് ചൈന-തായ്‌വാൻ തർക്കം. തായ്‌വാൻ തങ്ങളുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ് ചൈനയുടെ എക്കാലത്തെയും വാദം. എന്നാൽ സ്വന്തമായി ഭരണകൂടവും സൈന്യവും സമ്പദ്‌വ്യവസ്ഥയുമുള്ള തായ്‌വാൻ ഇത് അംഗീകരിക്കുന്നില്ല. ഒരു സ്വതന്ത്ര രാജ്യം പോലെയാണ് തായ്‌വാൻ പ്രവർത്തിക്കുന്നത്. യുണൈറ്റഡ് സർവീസ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ഈ തർക്കം പരമാധികാരം, സ്വയം നിർണ്ണയാവകാശം തുടങ്ങിയ വിഷയങ്ങളിൽ വലിയ അന്താരാഷ്ട്ര ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
1683-ൽ ക്വിങ് രാജവംശം തായ്‌വാൻ പിടിച്ചടക്കിയതോടെയാണ് ചൈനയുടെ അവകാശവാദം തുടങ്ങുന്നത്. എന്നാൽ 1895-ൽ ഒന്നാം ചൈന-ജപ്പാൻ യുദ്ധത്തിന് ശേഷം തായ്‌വാൻ ജപ്പാന് കൈമാറി. അതോടെ 50 വർഷത്തോളം ദ്വീപ് ജപ്പാന്റെ കോളനിയായി മാറി. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതോടെ തായ്‌വാൻ വീണ്ടും ചൈനയുടെ നിയന്ത്രണത്തിലായി. എന്നാൽ അതിന്റെ പരമാധികാര കൈമാറ്റം ഔദ്യോഗികമായി പൂർത്തിയായില്ല. 1949-ലെ ആഭ്യന്തരയുദ്ധം കാര്യങ്ങൾ മാറ്റിമറിച്ചു. ചൈനയിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന നിലവിൽ വന്നപ്പോൾ, റിപ്പബ്ലിക് ഓഫ് ചൈന സർക്കാർ തായ്‌വാനിലേക്ക് പിൻവാങ്ങി. അതോടെ രണ്ട് കൂട്ടരും പരമാധികാരം അവകാശപ്പെടാൻ തുടങ്ങി. അന്ന് മുതൽ തായ്‌വാൻ ഒരു സ്വതന്ത്ര രാജ്യം പോലെയാണ് പ്രവർത്തിക്കുന്നത്. എങ്കിലും, ചൈനയുമായുള്ള സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടില്ലെന്നും യുണൈറ്റഡ് സർവീസ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.


