ചരക്കുകപ്പൽ ആക്രമിച്ചതിന് തിരിച്ചടിയായി ഇറാനിൽ അമേരിക്ക വ്യോമാക്രമണം നടത്തി. ഇതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായി. ഇതിനിടെ യുഎഇയിൽ മിസൈൽ ആക്രമണ മുന്നറിയിപ്പ് സന്ദേശം എത്തിയത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
അബുദാബി: ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും കലുഷിതമാകുന്നു. നിലവിലുള്ള വെടിനിർത്തൽ ധാരണ ലംഘിച്ച് ഇറാനിൽ അമേരിക്കയുടെ കനത്ത വ്യോമാക്രമണം. ചരക്കുകപ്പൽ ആക്രമിച്ചതിന് തിരിച്ചടിയായാണ് ഇറാന് നേരെ യുഎസിന്‍റെ ശക്തമായ വ്യോമാക്രമണം. ഗൾഫിലും എമർജൻസി മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരുന്നു. യുഎഇയിൽ വെള്ളിയാഴ്ച വൈകുന്നേരം ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ മിസൈൽ ആക്രമണ മുന്നറിയിപ്പ് സന്ദേശം എത്തിയത് പരിഭ്രാന്തി പരത്തിയിരുന്നു. എന്നാൽ, മിനിറ്റുകൾക്കകം തന്നെ രാജ്യം സുരക്ഷിതമാണെന്ന 'ഓൾ ക്ലിയർ' സന്ദേശവും അധികൃതർ പുറപ്പെടുവിച്ചു. പ്രാദേശിക സമയം വൈകുന്നേരം 5:15-ഓടെയാണ് ദുബായിലും അബുദാബിയിലുമുള്ള താമസക്കാരുടെ ഫോണുകളിലേക്ക് യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തര സുരക്ഷാ മുന്നറിയിപ്പ് എത്തിയത്.
എത്രയും വേഗം അടുത്തുള്ള സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും ജനലുകളിൽ നിന്നും വാതിലുകളിൽ നിന്നും മാറിനിൽക്കണമെന്നുമായിരുന്നു സന്ദേശം. എന്നാൽ, സന്ദേശം വന്ന് രണ്ട് മിനിറ്റിനുള്ളിൽ തന്നെ ആശങ്കകൾക്ക് വിരാമമിട്ട് അടുത്ത സന്ദേശമെത്തി. നിലവിൽ യാതൊരുവിധ സുരക്ഷാ ഭീഷണികളുമില്ലെന്നും സാഹചര്യം പൂർണ്ണമായും സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി. സാങ്കേതിക തകരാറാണോ അതോ മറ്റ് കാരണങ്ങളാണോ മുന്നറിയിപ്പിന് പിന്നിലെന്ന് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി പ്രാദേശിക തലത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് യുഎഇയിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം എത്തിയത്. നിലവിൽ ദുബായിലെ ജനജീവിതവും വിമാന സർവീസുകളും സാധാരണ നിലയിലാണ്.
ജൂൺ 25ന് ഹോർമുസ് വഴി ഒമാൻ തീരത്തുകൂടി കടന്നുപോകുകയായിരുന്ന എം/വി എവർ ലൗലി' എന്ന സിംഗപ്പൂർ പതാകയേന്തിയ ചരക്കുകപ്പലിന് നേരെ ഇറാൻ വൺ-വേ അറ്റാക്ക് ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള ശക്തമായ മറുപടിയാണ് തങ്ങളുടെ വ്യോമാക്രമണമെന്ന് യുഎസ് സെൻട്രൽ കമ്മാൻഡ് വ്യക്തമാക്കി. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്‍റെ ഈ അനാവശ്യമായ ആക്രമണം വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനമാണെന്നും അന്താരാഷ്ട്ര വ്യാപാര പാതയിലെ നാവിക സ്വാതന്ത്ര്യത്തെ ഇത് തകിടം മറിക്കുന്നതാണെന്നും യുഎസ് അറിയിച്ചു.
വീണ്ടും ആക്രമണവും പ്രത്യാക്രമണവും ഉണ്ടായതോടെ ജനങ്ങളും ആശങ്കയിലാണ്. ആഗോളതലത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് വിതരണവും കടന്നുപോകുന്ന ഹോർമുസിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് അമേരിക്കൻ സൈന്യം സുരക്ഷിത പാത ഉറപ്പാക്കുന്നുണ്ടെന്നും കരാറുകൾ പൂർണ്ണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സൈന്യം ജാഗ്രതയോടെ നിലകൊള്ളുകയാണെന്നും യുഎസ് സെൻട്രൽ കമ്മാൻഡ് പറഞ്ഞു. ആക്രമണത്തിന്റെ 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും അവർ പുറത്തുവിട്ടു. യുഎസ് ആക്രമണം നടത്തിയ സ്ഥലം വ്യക്തമാക്കിയിട്ടില്ലെങ്കിലും, തെക്കൻ തുറമുഖ നഗരമായ സിരിക്കിലെ താഹെറൂയേ പിയറിൽ സ്ഫോടന ശബ്ദം കേട്ടതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ നടപടിയെ അപലപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും രംഗത്തെത്തി. ഇനി എന്തെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായാൽ രാജ്യം കടുത്ത ആക്രമണത്തിലൂടെ തന്നെ മറുപടി നൽകുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ മുന്നറിയിപ്പ് നൽകി. ഒപ്പുവെച്ച വെടിനിർത്തൽ കരാർ അമേരിക്ക മാനിക്കുന്നുണ്ടെന്നും വിയോജിപ്പുകളുണ്ടെങ്കിൽ ഫോണിലൂടെ സംസാരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.


