ദില്ലി: കൊവിഡ് 19 പ്രതിരോധത്തിനാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുമായി 20 ഓളം വിമാനങ്ങള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉടന്‍ പുറപ്പെടുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഏപ്രില്‍ 21നും 27 നുമായി ഈ വിമാനങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് 19 പ്രതിരോധത്തില്‍ ഇരു രാജ്യങ്ങളും സഹകരണം തുടരുന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഏപ്രില്‍ നാലിന് ചൈനയില്‍ നിന്ന് 24 വിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിയിരുന്നു. 360 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളാണ് അന്ന് ചൈന ഇന്ത്യക്ക് നല്‍കിയത്. ഇതില്‍ കൊവിഡ് ടെസ്റ്റ് കിറ്റുകളും തെര്‍മോമീറ്ററുകളും സുരക്ഷാ ഉപകരണങ്ങളും ഉള്‍പ്പെടും.  

കഴിഞ്ഞ യാഴ്ച 650000 ടെസ്റ്റ് കിറ്റുകളാണ് ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ചൈനീസ് കമ്പനികളുമായി സര്‍ക്കാരും സ്വകാര്യ സ്ഥാപനങ്ങളും ഒരു കോടി അമ്പത് ലക്ഷം പിപിഇ കിറ്റുകള്‍ക്കും 15 ലക്ഷം ഫറാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്കുമുള്ള കരാറിലെത്തിയിട്ടുണ്ട്. 

ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഉപയകക്ഷി ബന്ധത്തിന്റെ മികച്ച സൂചനയാണ് ഇതെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിസ്രി കഴിഞ്ഞ ദിവസം പറഞ്ഞു. ചൈനയില്‍ കൊവിഡ് ബാധ ശക്തമായ സമയത്ത് വുഹാനിലേക്ക് ഇന്ത്യ അവശ്യമരുന്നുകളും ഉപകരണങ്ങളും എത്തിച്ച് നല്‍കിയിരുന്നു.