Asianet News MalayalamAsianet News Malayalam

ബംഗ്ലാദേശില്‍ ചൈനീസ്-ബംഗ്ലാദേശ് തൊഴിലാളി സംഘര്‍ഷം; ചൈനീസ് തൊഴിലാളി മരിച്ചു

ജോലിക്കിടെ ബംഗ്ലാദേശ് തൊഴിലാളി മരിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മരണം മറച്ചുവെക്കാന്‍ ചൈനീസ് അധികൃതര്‍ ശ്രമിച്ചെന്ന് നാട്ടുകാരില്‍ ചിലരും ബംഗ്ലാദേശ് തൊഴിലാളികളും ആരോപിച്ച് രംഗത്തെത്തിയത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

Chinese worker killed in bangladesh
Author
Dhaka, First Published Jun 19, 2019, 11:23 PM IST

ധാക്ക: ദക്ഷിണ ധാക്കയില്‍ ചൈനീസ് സഹായത്തോടെ നിര്‍മിക്കുന്ന പവര്‍ പ്ലാന്‍റില്‍ ചൈന-ബംഗ്ലാദേശ് തൊഴിലാളികളുടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ചൈനീസ് തൊഴിലാളി മരിച്ചു. 12ലേറെ പേര്‍ക്ക് പരിക്കേറ്റു. ജോലിക്കിടെ ബംഗ്ലാദേശ് തൊഴിലാളി മരിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മരണം മറച്ചുവെക്കാന്‍ ചൈനീസ് അധികൃതര്‍ ശ്രമിച്ചെന്ന് നാട്ടുകാരില്‍ ചിലരും ബംഗ്ലാദേശ് തൊഴിലാളികളും ആരോപിച്ച് രംഗത്തെത്തിയത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചിലരുടെ നില ഗുരുതരമാണ്. സൈറ്റില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ആയിരത്തോളം പൊലീസുകാരെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.1320 മെഗാവാട്ടിന്‍റെ ബൃഹത് പദ്ധതിയാണ് ദക്ഷിണ ധാക്കയില്‍ പുരോഗമിക്കുന്നത്.

കോടിക്കണക്കിന് ഡോളര്‍ രൂപയാണ് ബംഗ്ലാദേശിലെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ ചൈന നിക്ഷേപിച്ചിരിക്കുന്നത്. 6000ത്തോളം ചൈനീസ് പൗരന്മാര്‍ ബംഗ്ലാദേശില്‍ ജോലി ചെയ്യുന്നുണ്ട്. സ്ഥിതിഗതികള്‍ ശാന്തമായെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ബംഗ്ലാദേശ് പൊലീസ് അധികൃതര്‍ അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് സംഭവം. 2018 ഒക്ടോബറില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങിന്‍റെ സന്ദര്‍ശന വേളയില്‍ 20 ബില്യണ്‍ ഡോളറിന്‍റെ കരാറാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. 

Follow Us:
Download App:
  • android
  • ios