ഓഫീസില്‍ അല്ലെങ്കില്‍ പുറത്ത് ജോലി ചെയ്യുന്ന എല്ലാ സിഎന്‍എന്‍ ജീവനക്കാരും വാക്സീന്‍ എടുത്തിരിക്കണമെന്നാണ് സിഎന്‍എന്‍ അടുത്തിടെ നടപ്പിലാക്കിയ നയം. 

ന്യൂയോര്‍ക്ക്: കൊവിഡ് വാക്സീന്‍ എടുക്കാതെ ഓഫീസില്‍ പ്രവേശിച്ച മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് സിഎന്‍എന്‍. സിഎന്‍എന്‍ മേധാവി ജെഫ് സുക്കര്‍ വ്യാഴാഴ്ച ഈ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ഓഫീസില്‍ അല്ലെങ്കില്‍ പുറത്ത് ജോലി ചെയ്യുന്ന എല്ലാ സിഎന്‍എന്‍ ജീവനക്കാരും വാക്സീന്‍ എടുത്തിരിക്കണമെന്നാണ് സിഎന്‍എന്‍ അടുത്തിടെ നടപ്പിലാക്കിയ നയം. ഈ നയത്തില്‍ യാതൊരു ഇളവും നല്‍കില്ലെന്നാണ് സിഎന്‍എന്‍ നിയന്തിക്കുന്ന വര്‍ണര്‍ മീഡിയയുടെ സ്പോര്‍ട്സ് ആന്‍റ് ന്യൂസ് ഡയറക്ടറായ ജെഫ് സുക്കര്‍ പ്രസ്താവിച്ചു.

വാക്സീന്‍ സംബന്ധിച്ച് സിഎന്‍എന്‍ മെമ്മോ നേരത്തെ എ.പി പുറത്തുവിട്ടിരുന്നു. അതേ സമയം വാക്സീന്‍ എടുക്കാത്തതിന് പിരിച്ചുവിട്ട ജീവനക്കാരുടെ വിവരങ്ങളോ, അവര്‍ എന്തായാണ് ജോലി ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങള്‍ സിഎന്‍എന്‍ പുറത്തുവിട്ടിട്ടില്ല. സിഎന്‍എന്‍ അവരുടെ ഓഫീസുകള്‍ പൂര്‍ണ്ണമായും ഇപ്പോള്‍ തുറന്നിരിക്കുകയാണ്. നാലില്‍ മൂന്ന് ജീവനക്കാരും ഇപ്പോള്‍ ഓഫീസില്‍ എത്തി തന്നെ ജോലി ചെയ്യുന്നുണ്ട്. ഇങ്ങനെ ഓഫീസില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ എടുത്തിരിക്കണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona