സിഎൻഎൻ സ്ഥാപകനും 24 മണിക്കൂർ വാർത്താ സംപ്രേഷണത്തിന് തുടക്കമിട്ട മാധ്യമപ്രവർത്തകനുമായ ടെഡ് ടെർണർ (87) അന്തരിച്ചു. വാർത്താ, വിനോദ, കായിക മേഖലകളിൽ വലിയ സാമ്രാജ്യം കെട്ടിപ്പടുത്ത അദ്ദേഹം, ഐക്യരാഷ്ട്രസഭയ്ക്ക് ഒരു ബില്യൺ ഡോളർ സംഭാവന നൽകിയ വലിയ മനുഷ്യസ്‌നേഹി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ആഗോള മാധ്യമ രംഗത്തിന് കനത്ത നഷ്ടമാണ്

ന്യൂയോർക്ക്: സി എൻ എൻ വാർത്താ മാധ്യമ സ്ഥാപകനും മാധ്യമ ലോകത്തെ വിപ്ലവകാരിയുമായ ടെഡ് ടെർണർ അന്തരിച്ചു. 87 -ാം വയസിലാണ് അദ്ദേഹം വിടവാങ്ങിയത്. ലോകത്താദ്യമായി 24 മണിക്കൂർ വാർത്താ സംപ്രേഷണം എന്ന ആശയം നടപ്പിലാക്കി ടെലിവിഷൻ മാധ്യമ രംഗത്തെ പൂർണ്ണമായി മാറ്റിമറിച്ച വ്യക്തിത്വമായിരുന്നു ടെർണർ. കേബിൾ ന്യൂസ് നെറ്റ്‌വർക്ക് (സി എൻ എൻ) എന്ന സ്ഥാപനത്തിലൂടെ വാർത്താ വിതരണത്തിന്റെ ഗതി തന്നെ അദ്ദേഹം മാറ്റി എഴുതി. വാർത്തകൾക്ക് പുറമെ കായികം, വിനോദം എന്നീ മേഖലകളിലും വലിയ സാമ്രാജ്യം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. 1985 ൽ എം ജി എം സ്റ്റുഡിയോയുടെ സിനിമാ ലൈബ്രറി സ്വന്തമാക്കിയ അദ്ദേഹം, 1992 ൽ പ്രശസ്തമായ കാർട്ടൂൺ നെറ്റ്‌വർക്കിന് രൂപം നൽകി. 1996 ൽ ടെർണർ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റത്തെ ടൈം വാർണറുമായി ലയിപ്പിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നിന്റെ അമരക്കാരനായി അദ്ദേഹം മാറി.

Add Asianetnews as a Preferred SourcegooglePreferred

ആഗോള മാധ്യമ മേഖലക്ക് വലിയ നഷ്ടം

ഒരു ശതകോടീശ്വരൻ എന്നതിലുപരി മികച്ച ജീവകാരുണ്യ പ്രവർത്തകനായും മനുഷ്യാവകാശ പോരാളിയായും അദ്ദേഹം അറിയപ്പെട്ടു. ഐക്യരാഷ്ട്രസഭയ്ക്ക് ഒരു ബില്യൺ ഡോളർ സംഭാവനയായി നൽകിക്കൊണ്ട് അദ്ദേഹം ലോകത്തെ വിസ്മയിപ്പിച്ചു. മാധ്യമ ചരിത്രത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തികളിലൊരാളായി അറിയപ്പെടുന്ന ടെഡ് ടെർണറുടെ വിയോഗം ആഗോള മാധ്യമ മേഖലയ്ക്ക് വലിയ നഷ്ടമാണ്.