സിന്ധുനദീജല വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാടുകൾക്കെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഭീഷണിപ്പെടുത്തി. ഇന്ത്യ 1960-ലെ സിന്ധുനദീജല കരാർ റദ്ദാക്കിയതിനെ തുടർന്നുള്ള തർക്കങ്ങൾക്കിടയിലാണ് ഈ പ്രകോപനപരമായ പ്രസ്താവന. 

ഇസ്ലാമാബാദ്: സിന്ധുനദീജല വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകൾ പാകിസ്ഥാന്‍റെ ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ സൈനിക നടപടിയിലേക്ക് കടക്കുമെന്ന ഭീഷണിയുമായി പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സിന്ധുനദീജല കരാർ ഇന്ത്യ താൽക്കാലികമായി റദ്ദാക്കിയതിനെത്തുടർന്ന് നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലാണ് പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള ഈ പുതിയ യുദ്ധഭീഷണി. 'എആർവൈ ന്യൂസിന്' നൽകിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ഇന്ത്യക്കെതിരെ ആഞ്ഞടിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജലസുരക്ഷ എന്നത് രാജ്യത്തിന്‍റെ പരമാധികാരവുമായി ബന്ധപ്പെട്ട പ്രധാന വിഷയമാണെന്നും അതിന്മേൽ എന്തെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടായാൽ പ്രതികരിക്കാൻ പാകിസ്ഥാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിന്ധുനദിയിലെ വെള്ളത്തിനുള്ള പാകിസ്ഥാന്‍റെ അവകാശത്തിന് മേൽ ഗുരുതരമായ ഭീഷണിയുണ്ടായാൽ ഇന്ത്യക്കെതിരെ യുദ്ധത്തിന് പുറപ്പെടാൻ രാജ്യം ഒട്ടും മടിക്കില്ലെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. കടുത്ത ജലക്ഷാമം നേരിടുന്ന പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കാനോ തടസപ്പെടുത്താനോ ഇന്ത്യ അതിവേഗം നീങ്ങുന്നതായി ബോധ്യപ്പെട്ടാൽ സൈന്യത്തെ ഉപയോഗിച്ചുള്ള പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2028 ജൂണോടെ പാകിസ്ഥാനിലേക്കുള്ള സിന്ധുനദിയിലെ വെള്ളത്തിന്‍റെ ഒഴുക്ക് പൂർണ്ണമായും നിർത്തലാക്കാൻ സാധിക്കുമെന്ന് ഇന്ത്യയുടെ ജൽശക്തി മന്ത്രി സി ആർ പാട്ടീൽ വ്യക്തമാക്കുന്ന ഒരു വീഡിയോ ദൃശ്യം അടുത്തിടെ പുറത്തുവന്നതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ ഈ പ്രകോപനപരമായ പ്രസ്താവന. 2025 ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് 1960-ലെ സിന്ധുനദീജല കരാർ ഇന്ത്യ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയത്. ഈ ആക്രമണത്തിന് പിന്നിൽ പാക് പിന്തുണയുള്ള ഭീകരരാണെന്ന് വ്യക്തമാക്കിയ ഇന്ത്യ, അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഇസ്ലാമാബാദ് വിശ്വസനീയവും ശാശ്വതവുമായ നടപടി സ്വീകരിക്കുന്നതുവരെ ലോകബാങ്കിന്‍റെ മധ്യസ്ഥതയിലുണ്ടായ ഈ കരാർ പുനഃസ്ഥാപിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.

കരാർ പ്രകാരം സിന്ധുനദീതടത്തിലെ 80 ശതമാനത്തോളം വെള്ളവും ലഭിക്കുന്നത് പാകിസ്ഥാനാണ്. ഇത് പാകിസ്ഥാന്‍റെ കൃഷിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും അത്യന്താപേക്ഷിതവുമാണ്. ഇന്ത്യയുടെ ഈ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്‍റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചെനാബ് നദിയിലെ വെള്ളം തിരിച്ചുവിടാനായി ഇന്ത്യ നദീസംയോജന പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പാകിസ്ഥാൻ ആരോപിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവും മൂലം പാകിസ്ഥാൻ വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ, സിന്ധുനദീജല തർക്കം ഇരു ആണവായുധ രാജ്യങ്ങൾക്കുമിടയിലെ ഏറ്റവും വലിയ യുദ്ധമുഖമായി മാറിയിരിക്കുകയാണ്.