കോഴിക്കോട് ചാത്തമംഗലത്ത് ഒരു വീട്ടിലെ കിണറ്റിലെ വെള്ളം ദുരൂഹമായി നീല നിറത്തിലേക്ക് മാറി. കഴിഞ്ഞ ദിവസം രാത്രി വരെ സാധാരണ നിലയിലായിരുന്ന വെള്ളമാണ് രാവിലെയായപ്പോള്‍ കടുത്ത നീല നിറത്തിലായത്.

കോഴിക്കോട്: വീട്ടുപറമ്പിലെ കിണറിലെ വെള്ളം മുഴുവന്‍ നീല നിറമായി മാറി. ചാത്തമംഗലം വെള്ളലശ്ശേരിക്ക് സമീപം പുതിയാടത്ത് വിശ്വംഭരന്റെ വീട്ടുമുറ്റത്തെ കിണറിലാണ് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി വെള്ളത്തിന്റെ നിറം മാറ്റമുണ്ടായത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഉപയോഗിച്ചപ്പോള്‍ വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ശബരിമലയില്‍ പോകാനായി വ്രതമനുഷ്ടിക്കുന്നതിനാല്‍ വിശ്വംഭരന്‍ പുലര്‍ച്ചെ എഴുന്നേറ്റ് കുളിക്കാറുണ്ട്. ഇരുട്ടായതിനാല്‍ നിറം മാറ്റം ശ്രദ്ധിച്ചില്ല. പിന്നീട് നേരം വെളുത്തതോടെ, മറ്റാവശ്യങ്ങള്‍ക്കായി വെള്ളം ബക്കറ്റില്‍ നിറച്ചപ്പോഴാണ് നീലനിറം കണ്ടത്. കിണറിലേക്ക് നോക്കിയപ്പോള്‍ കടുത്ത നീല നിറത്തിലാണ് വെള്ളമുണ്ടായിരുന്നത്. ഉടന്‍ തന്നെ സമീപത്തെ വീടുകളിലെ കിണര്‍ പരിശോധിച്ചെങ്കിലും അവിടെയൊന്നും കുഴപ്പമുണ്ടായിരുന്നില്ല. 

ആശങ്കയിലായ വീട്ടുകാര്‍ സംഭവം മാവൂര്‍ പോലീസിലും ആരോഗ്യ വകുപ്പ് അധികൃതരെയും അറിയിച്ചു. ഇവിടെ നിന്ന് ലഭിച്ച നിര്‍ദേശമനുസരിച്ച് വെള്ളത്തിന്റെ സാംപില്‍ കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎമ്മിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. 14 മീറ്ററോളം ആഴമുള്ള കിണര്‍ 16 വര്‍ഷം മുന്‍പാണ് നിര്‍മിച്ചത്. പരിശോധനാ ഫലം പുറത്തുവരുന്നത് വരെ കിണറിലെ വെള്ളം ഉപയോഗിക്കരുതെന്ന് അധികൃതര്‍ കുടുംബത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.