നാലു മണിക്കൂറിലധികം താലിബാൻ തങ്ങളെ ചോദ്യം ചെയ്തു. എല്ലാവരുടെയും തിരിച്ചറിയൽ കാർഡ് ചോദിച്ചു. മറ്റൊരു വാതിൽ വഴി അകത്തു കൊണ്ടു പോകാം എന്ന ഉറപ്പു നല്കിയാണ് 6 ബസുകൾ വഴിതിരിച്ചു വിട്ടത്. 

ദില്ലി: താലിബാൻ ഇന്നലെ തടഞ്ഞു വച്ചത് സ്ഥിരീകരിച്ച് കാബൂളിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യക്കാർ. വിമാനത്താവളത്തിന് തൊട്ടു മുന്നിൽ താലിബാൻ തങ്ങളെ തടഞ്ഞെന്നാണ് ഇവർ പറയുന്നത്. പത്തു കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. സ്ത്രീകൾ ഉൾപ്പടെയുള്ളവരെ തടഞ്ഞു വച്ചിരുന്നു എന്നും ഇവർ സ്ഥിരീകരിച്ചു.

നാലു മണിക്കൂറിലധികം താലിബാൻ തങ്ങളെ ചോദ്യം ചെയ്തു. എല്ലാവരുടെയും തിരിച്ചറിയൽ കാർഡ് ചോദിച്ചു. മറ്റൊരു വാതിൽ വഴി അകത്തു കൊണ്ടു പോകാം എന്ന ഉറപ്പു നല്കിയാണ് 6 ബസുകൾ വഴിതിരിച്ചു വിട്ടത്. പിന്നീട് പത്തു കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. വിഡിയോകാൾ വഴി ഒരാൾ നിർദ്ദേശം നല്കിയ ശേഷമാണ് വിട്ടയച്ചതെന്നും ഇന്ത്യയിൽ മടങ്ങിയെത്തിയവർ പറഞ്ഞു. 

അഫ്ഗാനിസ്ഥാനിൽ നിന്ന് മലയാളികൾ ഉൾപ്പടെ 392 പേരെയാണ് മൂന്നു വിമാനങ്ങളിലായി ഇന്ന് ദില്ലിയിലെത്തിച്ചത്. ഇനി അഞ്ഞൂറിലധികം പേർ കൂടി അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് കണക്കെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൂന്നു ദിവസത്തെ ആശങ്കയ്ക്ക് അവസാനമിട്ടാണ് വ്യോമസേനയുടെ സി 17 പ്രത്യേക വിമാനം രാവിലെ പത്തുമണിയോടെ ദില്ലിയിലെത്തിയത്. 168 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രജിസ്റ്റർ ചെയ്ത 50 മലയാളികളും തിരിച്ചെത്തി. 

ഇന്നലെ കാബൂളിൽ നിന്ന് വ്യോമസേന വിമാനത്തിൽ 89 പേരെ താജിക്കിസ്ഥാനിൽ ഇറക്കിയിരുന്നു. ഇവരെ പിന്നീട് പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ ദില്ലിയിലേക്ക് കൊണ്ടു വന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിൽ അമേരിക്കൻ വിമാനങ്ങളിൽ ഖത്തറിലെ ദോഹയിലിറങ്ങിയ 135 ഇന്ത്യക്കാരെയും ദില്ലിയിൽ എത്തിച്ചു. വ്യോമസേന വിമാനത്തിൽ സിഖ് സമുദായഅംഗങ്ങളായ അഫ്ഗാൻ പൗരൻമാരെയും ഇന്ത്യ ദില്ലിയിൽ എത്തിച്ചു. ഒരു കൈക്കുഞ്ഞ് ഉൾപ്പടെ ഈ സംഘത്തിലുണ്ടായിരുന്നു. അഫ്ഗാനിലെ ഒരു വനിത എംപിയും ഇന്ത്യയിലെത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona