വെനസ്വേലയിലെ സാഹചര്യം ചൂണ്ടിക്കാട്ടി പൃഥ്വിരാജ് ചൗഹാൻ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, റഷ്യൻ എണ്ണ ഇറക്കുമതി വിഷയത്തിൽ മോദി ട്രംപിന് വഴങ്ങുകയാണെന്ന് മല്ലികാർജുൻ ഖാർഗെ വിമർശിച്ചു.

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും വിദേശനയത്തിലും അമിതമായി ഇടപെടുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം തടവിലാക്കിയ സാഹചര്യം ചൂണ്ടിക്കാട്ടി, "ട്രംപ് നമ്മുടെ പ്രധാനമന്ത്രിയെയും തട്ടിക്കൊണ്ടുപോകുമോ?" എന്ന പൃഥ്വിരാജ് ചൗഹാന്റെ ചോദ്യം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്ന്ത. ട്രംപിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുട്ടുമടക്കുന്നുവെന്ന മല്ലികാർജുൻ ഖാർഗെയുടെ വിമർശനങ്ങൾക്ക് പിന്നാലെയാണ് ഈ പുതിയ പരാമർശം.

വെനസ്വേലയിൽ യുഎസ് സൈന്യം നടത്തിയ ഇടപെടലും മഡുറോയുടെ അറസ്റ്റും ആഗോളതലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചൗഹാൻ ഇന്ത്യയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. "വെനസ്വേലയിൽ സംഭവിച്ചത് നാളെ ഇന്ത്യയിലും സംഭവിക്കുമോ? ട്രംപ് നമ്മുടെ പ്രധാനമന്ത്രിയെയും തട്ടിക്കൊണ്ടുപോകുമോ?" എന്നായിരുന്നു ചൗഹാന്റെ ചോദ്യം.

'മൊഗാംബോ ഖുഷ് ഹുവാ': മല്ലികാർജുൻ ഖാർഗെയുടെ കടന്നാക്രമണം

നേരത്തെ, റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചതായും "മോദി എന്നെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നു" എന്നും ട്രംപ് ഒരു ഓഡിയോ ക്ലിപ്പിൽ പറഞ്ഞതായി ഖാർഗെ വെളിപ്പെടുത്തിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേൽ യുഎസ് വൻതോതിൽ താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇതിന് മോദി വഴങ്ങുകയാണെന്ന് ഖാർഗെ ആരോപിച്ചു. "മോദി ട്രംപിന്റെ നിയന്ത്രണത്തിലാണെന്ന് ഇത് തെളിയിക്കുന്നു. 'മൊഗാംബോ ഖുഷ് ഹുവാ' എന്ന മിസ്റ്റർ ഇന്ത്യയിലെ ഡയലോഗാണ് എനിക്ക് ഓർമ്മ വരുന്നത്. രാജ്യത്തിന്റെ താൽപര്യങ്ങൾ ട്രംപിന് മുന്നിൽ പണയപ്പെടുത്തരുതെന്നും ഖാർഗെ പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ നിര്‍ത്താൻ താൻ വലിയ പങ്കുവഹിച്ചുവെന്ന ട്രംപിന്റെ അവകാശവാദങ്ങളെയും കോൺഗ്രസ് ചോദ്യം ചെയ്തു. ട്രംപ് ഇക്കാര്യം 70 തവണയെങ്കിലും ആവർത്തിച്ചു കഴിഞ്ഞുവെന്നും, ലോകം അദ്ദേഹത്തിന് മുന്നിൽ കുനിയുമെന്ന് അദ്ദേഹം കരുതുന്നുണ്ടാകാം, എന്നാൽ ഇന്ത്യ അതിന് തയ്യാറാവില്ലെന്നും ഖാർഗെ വ്യക്തമാക്കി. ഹിറ്റ്‌ലറെയും മുസ്സോളിനിയെയും പോലെ ലോകത്തെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവരുടെ കാലം അധികം വൈകാതെ അവസാനിക്കുമെന്നും, ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ടെന്നും കോൺഗ്രസ് ഓർമ്മിപ്പിച്ചു.