ഒരു സൂര്യൻ ഒരു ലോകം ഒരു ഗ്രിഡ് - ഇതാണ് നിലവിലെ വെല്ലുവിളികൾ നേരിടാനുള്ള മാർഗ്ഗമെന്ന് പറയുന്നു പ്രധാനമന്ത്രി.


ഗ്ലാസ്ഗോ: സൗരോർജ്ജം പ്രധാന ഊ‍ർജ്ജശ്രോതസ്സാക്കി മാറ്റേണ്ട കാലഘട്ടമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാലാവസ്ഥ ഉച്ചകോടിയിൽ (COP26 Summit). മനുഷ്യരാശിയുടെ ഭാവി തന്നെ ഇതിലാണെന്ന് മോദി ഗ്ലാസ്ഗോവിൽ പറഞ്ഞു. ഒരു സൂര്യൻ ഒരു ലോകം ഒരു ഗ്രിഡ് - ഇതാണ് നിലവിലെ വെല്ലുവിളികൾ നേരിടാനുള്ള മാർഗ്ഗമെന്ന് പറയുന്നു പ്രധാനമന്ത്രി. ആഗോള ഗ്രിഡ് യാഥാർത്ഥ്യമാക്കണമെന്നും കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ഒരേ ഒരു മാർഗം സൗരോർജ്ജമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 

കാലാവസ്ഥ വ്യതിയാനം ഇന്ത്യക്ക് വെല്ലുവിളിയെന്നും 2070 ഓടെ ഇന്ത്യ നെറ്റ് സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യം കൈവരിക്കുമെന്നും പ്രധാനമന്ത്രി നേരത്തെ പറ‍ഞ്ഞിരുന്നു. 

Read More: ലക്ഷ്യം 2070: എന്താണ് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച 'നെറ്റ് സീറോ' എന്താണ് ഇതിന്‍റെ പ്രത്യേകത.!

എന്താണ് നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്നിധ്യം അന്തരീക്ഷത്തിന് താങ്ങാന്‍ കഴിയുന്ന തുലനാവസ്ഥയില്‍ എത്തിക്കുക എന്നതാണ് നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പരമാവധി കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കുക. കാര്‍ബണ്‍ ഫുട്ട് പ്രിന്‍റ് കുറയ്ക്കുക എന്നാണ് ഇന്ത്യ ഇതിനായി ലക്ഷ്യമിടുന്നത്. ഗ്ലാസ്കോയിലെ വേദിയില്‍ ഇതിനായി 'പഞ്ചാമൃത്' എന്ന പേരില്‍ അഞ്ചിന പദ്ധതിയാണ് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. 

അത് ഇങ്ങനെയാണ്.

1. ഫോസില്‍ ഇതര ഇന്ധനങ്ങളുടെ ക്ഷമത ഇന്ത്യ 2030 ആകുമ്പോഴേക്കും 500 ജിഗാ വാട്സായി ഉയര്‍ത്തും.

2. 2030 ആകുമ്പോഴേക്കും രാജ്യത്തിന്‍റെ ഊര്‍ജ്ജ ആവശ്യത്തിന്‍റെ 50 ശതമാനം പുനർനിർമ്മിക്കാവുന്ന ഊർജ്ജ വഴിയായിരിക്കും.

3. ഈ വര്‍ഷം മുതല്‍ 2030 നുള്ളില്‍ ഇന്ത്യയുടെ പുറന്തള്ളുന്ന കാര്‍ബണിന്‍റെ അളവ് 1 ബില്ല്യണ്‍ ടണ്‍ കുറയ്ക്കും.

4. 2030 നുള്ളില്‍ വ്യാവസായിക രംഗത്തെ കാര്‍ബണിന്‍റെ സാന്നിധ്യം 45 ശതമാനം കുറയ്ക്കും.

5. 2070 ഓടെ ഇന്ത്യ നെറ്റ് സീറോയില്‍ എത്തിച്ചേരും.

ആഗോള താപനം ലോകത്തിന് വെല്ലുവിളിയാണ്. കാലാവസ്ഥ വ്യതിയാനം മൂലം കർഷകർക്ക് സംഭവിക്കുന്ന നഷ്ടം നികത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉജ്ജ്വല യോജന, ക്ലീൻ ഇന്ത്യ മിഷൻ തുടങ്ങിയ പദ്ധതികളിലൂടെ രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടെന്നും ഉച്ചകോടിയിൽ പ്രധാനമന്ത്രി അവകാശപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തെ നേരിട്ട രീതികൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. വരും തലമുറക്ക് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള അവബോധം ഇതിലൂടെ ഉണ്ടാക്കാനാകുമെന്നും പ്രധാനമന്ത്രി ഇതിനൊപ്പം പറഞ്ഞു. 

ലോകത്തിന്‍റെ അവസ്ഥ

ലോകത്തിലെ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന അഞ്ച് രാജ്യങ്ങള്‍ പരിശോധിച്ചാല്‍ അവ യഥാക്രമം ചൈന, യുഎസ്എ, റഷ്യ, ഇന്ത്യ, ജപ്പാന്‍ എന്നിങ്ങനെയാണ് ഈ രാജ്യങ്ങള്‍ എല്ലാം തന്നെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ നടപ്പിലാക്കുന്ന വര്‍ഷം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ്എ, ജപ്പാന്‍ രാജ്യങ്ങള്‍ 2050 ല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍. റഷ്യയും ചൈനയും 2060 ആണ് ഇതിനായി മുന്നോട്ട് വയ്ക്കുന്നത്. ഇപ്പോള്‍ 2070 ആണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്ത്യയും പ്രഖ്യാപിച്ചു കഴിഞ്ഞു.