ഹോങ്കോങ്: കൊറോണ വൈറസ് ബാധിച്ച് ഹോങ്കോങ്ങില്‍ ആദ്യ മരണം. കഴിഞ്ഞ മാസം ചൈനയിലെ വുഹാനില്‍ നിന്നെത്തിയ 39 കാരനാണ് മരിച്ചത്. ചൈനയ്ക്ക് പുറത്ത് കൊറോണ മൂലമുള്ള രണ്ടാമത്തെ മരണമാണിത്. നേരത്തെ ഫിലിപ്പീന്‍സില്‍ കൊറോണ മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ 15 പേര്‍ക്കാണ് ഹോങ്കോങില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാപകമായി കൊറോണ പടരുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള അതിർത്തിയിലെ 13 പാതകളിൽ 10 ഉം ഹോങ്കോങ് അടച്ചു. 

അതേസമയം, കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്. വുഹാനില്‍ മാത്രം 48 പേര്‍ മരിച്ചു. ചൈനയിൽ 20,400 പേർക്ക് വൈറസ് ബാധിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ചൈനക്ക് പുറത്ത് 150 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ, കൊറോണ വൈറസ് ബാധ തടയുന്നതിൽ വീഴ്ച സംഭവിച്ചതായി ചൈന സമ്മതിച്ചു. രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ചൈന വിലയിരുത്തി.

സംസ്ഥാനത്ത് കൊറോണ ജാഗ്രത തുടരുകയാണ്. മൂന്നാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതോടെ, കേരളം രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

Also Read: സംസ്ഥാനത്ത് കൊറോണ ജാഗ്രത തുടരുന്നു; വൈറസ് വ്യാപനം തടയാന്‍ സര്‍വ്വസജ്ജമായി ആരോഗ്യ വകുപ്പ്