കാസര്‍കോട്: സംസ്ഥാനത്ത് കൊറോണ ജാഗ്രത തുടരുന്നു. വൈറസ് വ്യാപനം തടയുന്നതിന് കാസര്‍കോട് ജില്ലയിൽ 34 ഐസോലേഷന്‍ മുറികള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ 18 ഐസോലേഷന്‍ മുറികളും ജനറല്‍ ആശുപത്രിയില്‍ 12 ഐസോലഷന്‍ മുറികളും സ്വകാര്യ ആശുപത്രിയില്‍ നാല് ഐസോലേഷന്‍ മുറികളുമാണ് ഒരുക്കിയിരിക്കുന്നത്. ഇനിയും നാലുപേരുടെ സാമ്പിൾ പരിശോധനാഫലം ആണ് ലഭിക്കാനുള്ളത്. ഇത് ഉടനെ തന്നെ ലഭിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

രോഗം സ്ഥിരീകരിച്ച ഒരാൾ മാത്രമാണ് കാസര്‍കോട് ജില്ലയില്‍ ഇപ്പോൾ ചികിത്സയിലുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലയില്‍ 15 ഉപസമിതികൾക്ക് രൂപം നൽകി. ഇവയുടെ പ്രവര്‍ത്തനവും ആരംഭിച്ചു. എല്ലാ ദിവസവും വൈകീട്ട് ഉപസമിതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ചൈനയിൽ നിന്നും എത്തിയവരും അവരുടെ ബന്ധുക്കളുമായി 85 പേരാണ് നിലവിൽ വീടുകളില്‍ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയുന്നതിനും കൈമാറുന്നതിനും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കളക്ടറേറ്റിലും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

Also Read: കേരളത്തിൽ മൂന്നാമത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരണം: കാസര്‍കോട്ട് ചികിത്സയിൽ

മൂന്നാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതോടെ, കേരളം രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതീവ ജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ പ്രവര്‍ത്തനം തുടരുമെന്നും, ഇനിയും ചൈനയിൽ നിന്നുള്ളവർ തിരികെയെത്തുമെന്നും, അവരെ പരിഭ്രാന്തി പരത്താതെ ക്വാറന്‍റൈൻ ചെയ്യാൻ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ വ്യക്തമാക്കി.

Also Read: കൊറോണ സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ചു: വിപുലമായ ജാഗ്രതയിലേക്ക് കേരളം