ബീജിംഗ്: ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍. ഒടുവിലായി ദക്ഷണി കൊറിയയിലാണ് വൈറസ് സ്ഥിരീകിരിച്ചിരിക്കുന്നത്. 

ചൈനയിലെ വുഹാനില്‍ നിന്ന് സിയൂളിലെ ഇഞ്ചിയോണ്‍ വിമാനത്താവളം വഴി ദക്ഷിണകൊറിയയിലെത്തിയ ഒരാള്‍ക്കാണ് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കൊറോണ ബാധ സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം ജപ്പാനില്‍ ഒരാള്‍ക്കും തായ്‍ലന്‍റില്‍ രണ്ട് പേര്‍ക്കും കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു. എല്ലാവരും അടുത്തിടയായി ചൈനയിലെ വുഹാനില്‍ പോയി വന്നവരാണ്. 

തുടക്കത്തില്‍ ജലദേഷം ആണ് അനുഭവപ്പെടുകയെങ്കിലും പിന്നീട് കടുത്ത ശ്വാസകോശ രോഗമായ സാര്‍സായി ( Severe Acute Respiratory Syndrome - SARS) ഇത് മാറും. വുഹാനില്‍ ഇതുവരെ മൂന്ന് പേര്‍ കൊറോണ വൈറസ് ബാധമൂലം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി മൃഗങ്ങളില്‍ നിന്നാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. വുഹാനില്‍ മരിച്ചവര്‍ക്ക് ആദ്യം പനിയും ശ്വാസതടസസവും അനുഭവപ്പെട്ടിരുന്നു.

അതേസമയം ചൈനയിൽ അജ്ഞാത വൈറസ് ബാധിച്ചത് ആയിരത്തിലേറെപ്പേരെയെന്നാണ്  ലണ്ടനിലെ ഇഎംപീരിയൽ കോളേജിലെ എം.ആർ.സി സെന്‍റർ ഫോർ ഗ്ലോബൽ ഇൻഫെക്ഷ്യസ്‌ ഡിസീസ് അനാലിസിസ് പറയുന്നത്. എന്നാൽ ചൈനീസ് സർക്കാർ നൽകുന്ന കണക്ക് മറ്റൊന്നാണ്. 

41 പേരിൽ മാത്രമാണ് ഇതുവരെ വൂഹാൻ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും അതിൽ ഏഴ് പേർ ഗുരുതരാവസ്ഥയിലാണെന്നും മൂന്ന് പേർ മരണമടഞ്ഞിട്ടുണ്ടെന്നും ചൈനീസ് സർക്കാർ പറയുന്നു. രോഗികളുമായി ബന്ധം പുലർത്തിയ 763 പേരെ വൂഹാൻ ഭരണകർത്താക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കൂട്ടത്തിൽ 313 പേർ നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലുമാണ്.

ചൈനയിലെ വുഹാനിൽ ഡിസംബറിലാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്.കൊറോണ വൈറസ് കുടുംബത്തിലെ അജ്ഞാത വൈറസാണ് രോഗം പടർത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. 2002-2003 വർഷങ്ങളിൽ ചൈനയിലും ഹോങ് കോങ്ങിലും കൊറോണ വൈറസ് പടർത്തിയ സാർസ് രോഗത്തിൽ 770-ലേറെപ്പേരാണ് മരിച്ചത്.