കണ്ണുകെട്ടി, മൂക്കും വായും മാസ്കുകൊണ്ട് മറച്ച് ഒരു പ്ലക്കാര്‍ഡുമായാണ് ഇറ്റലിയിലെ ഫ്ളോറന്‍സിലെ തെരുവില്‍ അയാള്‍ നിന്നത്...

ഫ്ലോറന്‍സ്: അപകടകാരിയായ കൊറോണ വൈറസ് ലോകമെങ്ങും പടര്‍ന്നുപിടിക്കുകയാണ്. ഈ ഘട്ടത്തില്‍ ഏഷ്യയില്‍ നിന്നുള്ളവരെ സംശയത്തോടെയും ഭയത്തോടെയുമാണ് ലോകത്തിന്‍റെ മറ്റ് കോണിലുള്ളവര്‍ കാണുന്നത്. ഇതിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന ഉറച്ച തീരുമാനത്തോടെയാണ് മാസ്സിമിലിയാനോ മാര്‍ട്ടിഗി ജിയാംഗ് ഒരു പുതിയ ക്യാംപയിനുമായി ഇറങ്ങിയത്. ഇറ്റാലിയന്‍-ചൈനീസ് വംശജനാണ് ഇയാള്‍. 

കണ്ണുകെട്ടി, മൂക്കും വായും മാസ്കുകൊണ്ട് മറച്ച് ഒരു പ്ലക്കാര്‍ഡുമായാണ് ഇറ്റലിയിലെ ഫ്ളോറന്‍സിലെ തെരുവില്‍ അയാള്‍ നിന്നത്. ആ ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരുന്നു '' ഞാന്‍ ഒരു വൈറസല്ല, ഞാന്‍ ഒരു മനുഷ്യനാണ്. മുന്‍വിധികളില്‍ നിന്ന് എന്നെ സ്വതന്ത്രനാക്കൂ''.

ഫ്ലോറന്‍സിലാണ് ജിയാംഗ് താമസിക്കുന്നത്. ക്യാംപയിന്‍ കണ്ട് എത്തിയവരുടെ പ്രതികരണം കണ്ട് കണ്ണുനിറഞ്ഞുവെന്നാണ് ജിയാംഗ് പറയുന്നത്. ധാരാളം പേര്‍ വന്ന് ജിയാനെ കെട്ടിപ്പിടിച്ചു, ചിലര്‍ കണ്ണുകെട്ടിവച്ച് തുണി എടുത്തുമാറ്റി. ആളുകളുടെ പ്രതികരണത്തിന്‍റെ വീഡിയോ ജിയാന്‍ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും പങ്കുവച്ചു.

വുഹാനിലെ ജനങ്ങളെ പ്രചോദിപ്പിക്കാനും ജിയാന്‍ മറന്നില്ല. ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. വുഹാന്‍ സന്ദര്‍ശിച്ച് മടങ്ങിയവരിലൂടെ നിരവധി രാജ്യങ്ങളിലേക്കാണ് കൊറോണ വൈറസ് പടര്‍ന്നുപിടിച്ചത്. 

ഇതോടെ ഏഷ്യയില്‍നിന്നും പ്രത്യേകിച്ച് ചൈനയില്‍ നിന്ന് വരുന്നവരോടുള്ള മറ്റ് രാജ്യങ്ങളിലെ ജനങ്ങളുടെ സമീപനം മോശമായി തുടങ്ങി. മിലനിലെ അമ്മമാര്‍ തങ്ങളുടെ കുട്ടികളെ സ്കൂളിലെ ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇരുത്തരുതെന്ന് ആവശ്യപ്പെട്ടു. മലേഷ്യയില്‍ തങ്ങളുടെ രാജ്യത്ത് ചൈനക്കാരെ കയറ്റരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ ഒരാഴ്ചകൊണ്ട് ഒപ്പുവച്ചത് അഞ്ച് ലക്ഷം പേരാണ്. 

View post on Instagram