വാഷിംഗ്ടണ്‍: കൊറോണവൈറസ് മനുഷ്യസൃഷ്ടിയോ ജനിതക മാറ്റം വരുത്തിയതോ അല്ലെന്ന് യുഎസ് ഇന്റലിജന്റ്‌സ് കമ്മ്യൂണിറ്റി. 'കൊറോണവൈറസ് മനുഷ്യ നിര്‍മ്മിതമോ ജനിതക മാറ്റം വരുത്തിയതോ അല്ല. എന്നാല്‍, ചൈനയിലാണ് വൈറസ് ഉത്ഭവിച്ചതെന്ന അമേരിക്കന്‍ ഭരണാധികാരികളുടെ വാദം എല്ലാവരും അംഗീകരിക്കുന്നു'-നാഷണല്‍ ഇന്റലിജന്റ്‌സ് ഡയറക്ടര്‍ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. കൊറോണവൈറസ് മനുഷ്യ നിര്‍മ്മിതവും ജനിതക മാറ്റം വരുത്തിയതല്ലെന്നുമുള്ള സമവായം ശാസ്ത്രലോകത്തുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനയെ കുറ്റപ്പെടുത്തുകയും അന്വേഷണമാവശ്യപ്പെടുകയും ചെയ്തതിന് ഒരാഴ്ച്ചക്ക് ശേഷമാണ് അമേരിക്കന്‍ ഇന്റലിജന്റ്‌സ് നിലപാട് വ്യക്തമാക്കിയത്. കൊറോണവൈറസ് ഉത്ഭവത്തില്‍ ചൈനയുടെ പങ്ക് അറിയുന്നതിനായി ട്രംപ് രഹസ്യമായി അന്വേഷണ സംഘത്തെ നിയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണോ അതോ വുഹാനിലെ വൈറോളജി ലാബില്‍ നിന്ന് അബദ്ധത്തില്‍ പുറത്തായതാണോ എന്ന കാര്യം അന്വേഷിക്കുമെന്നും യുഎസ് ഇന്റലിജന്റ്‌സ് വിഭാഗം അറിയിച്ചു. 

കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതലേ, വൈറസ് മനുഷ്യ സൃഷ്ടിയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വുഹാനിലെ വൈറോളജി ലാബില്‍ നിന്ന് വൈറസ് അബദ്ധത്തില്‍ പുറത്തെത്തിയതാണെന്ന അഭ്യൂഹവും ശക്തമായിരുന്നു. എന്നാല്‍, രണ്ട് വാദങ്ങളെയും ചൈന തുടക്കത്തിലേ നിഷേധിച്ചു. അതേസമയം, കൊവിഡ് 30 ലക്ഷം ആളുകള്‍ക്ക് ബാധിക്കുകയും 2.70 ലക്ഷം ആളുകള്‍ മരിക്കുകയും ചെയ്തു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തത്.