ദില്ലി: കൊറോണ ബാധിതമായ ചൈനയിലെ വുഹാനില്‍ കുടങ്ങിയ ഇന്ത്യക്കാരെ രക്ഷിച്ച് രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളാണ് ദില്ലിയില്‍ ഇറങ്ങിയത്. ഇന്ത്യ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ തുടങ്ങിയതോടെ ചൈനയില്‍ നിന്നും രക്ഷിക്കാന്‍ കരഞ്ഞ് അപേക്ഷിക്കുകയാണ് പാക് വിദ്യാര്‍ത്ഥികള്‍. നേരത്തെ ചൈനയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ തിരികെ നാട്ടില്‍ എത്തിക്കണം എന്ന ആവശ്യം പാക് ഭരണകൂടം തള്ളിയിരുന്നു. കൊറോണ വൈറസ് വ്യാപകമായ വുഹാന്‍ നഗരത്തില്‍ നിന്നും പാക് പൗരന്മാരെ ഒഴിപ്പിക്കരുതെന്ന് പാകിസ്താന്‍ നിലപാട് സഖ്യകക്ഷിയായ ചൈനയുമായുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമാണ് എന്നാണ് പാക് നിലപാട്. 

എന്നാല്‍ പാകിസ്താന്‍ നിലപാട് പാകിസ്ഥാനിലും വുഹാനില്‍ അകപ്പെട്ട പാക് നിവാസികള്‍ക്കിടയിലും കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വെളിവാക്കുന്നത്. സ്വന്തം നാട്ടുകാരെ രക്ഷിക്കാന്‍ ഇന്ത്യ എടുത്ത നടപടികള്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും മാതൃകയാക്കണം എന്നാണ് വുഹാനിലെ പാക് വിദ്യാര്‍ത്ഥികളുടെ എന്ന് പറഞ്ഞു ട്വിറ്ററില്‍ വൈറലാകുന്ന വീഡിയോയില്‍ പറയുന്നത്. 

പാക് ഭരണകൂടത്തിന്‍റെ നിലപാട് വിമര്‍ശിക്കുന്ന  നിരവധി വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. വുഹാനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റിക്കൊണ്ടുപോകുന്ന അധികൃതരുടെ വീഡിയോ ഒരു വിദ്യാര്‍ഥി പങ്കുവെച്ചിട്ടുണ്ട്. 'നിങ്ങള്‍ മരിക്കുകയോ രോഗബാധിതരാകുകയോ, ഇനി അഥവാ ജീവിച്ചിരിപ്പുണ്ടെങ്കിലും നിങ്ങളെ ഒഴിപ്പിക്കില്ല' എന്ന് വിദ്യാര്‍ഥി പാക് നിലപാടിനെതിരെ പ്രതിഷേധിച്ചുകൊണ്ട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

' പാകിസ്താന്‍ സര്‍ക്കാരിനെ കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നു, ഇന്ത്യക്കാരില്‍ നിന്ന് എന്തെങ്കിലും പഠിക്കൂ എന്നും വിദ്യാര്‍ഥി പറയുന്നുണ്ട്. വുഹാനിലെ വിവിധ സര്‍വകലാശാലകളിലായി 800 പാക് വിദ്യാര്‍ഥികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.