ബെയ്ജിംഗ്: ഭീതി വിതച്ച് കൊറോണ വൈറസ് ചൈനയിൽ പടരുമ്പോൾ ആവശ്യത്തിന് മാസ്കുകളും പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാൻ നഗരം.
സംഭരിച്ച ടൺ കണക്കിന് മെഡിക്കൽ സാമഗ്രികൾ വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുമ്പോൾ റെഡ് ക്രോസിന്‍റെ ഏകോപനമില്ലായ്മായാണ് കാരണമെന്ന ആരോപണവും ഉയരുന്നു. 

കൊറോണ ബാധയുള്ളവരെ ചികിത്സിക്കുന്ന 7 ആശുപത്രികളാണ് വുഹാനിലുള്ളത്. ഇവിടെയെല്ലാം മെഡിക്കൽസാമഗ്രികൾക്ക് ക്ഷാമം നേരിടുകയാണ്. എന്നാൽ കൊറോണ ബാധിതരെ ചികിത്സിക്കാത്ത ആശുപത്രികളിൽ സാധനങ്ങൾ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ജീവൻ പണയം വച്ച് തങ്ങൾ ജോലി ചെയ്യുമ്പോഴും റെഡ് ക്രോസിന്‍റെ ഏകോപനമില്ലായ്മയും കാര്യക്ഷമമല്ലാത്ത പ്രവർത്തനവുമാണ് ഈ അവസ്ഥക്ക് കാരണമെന്ന ആരോപണമാണ് ഡോക്ടർമാരും നഴ്സുമാരും ഉയർത്തുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വസ്തുക്കൾ അർഹിക്കുന്ന കരങ്ങളിലെത്തിക്കാൻ റെഡ് ക്രോസിന് കഴിയുന്നില്ലെന്നും പരാതി ഉയരുന്നു. ചൈനയുടെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഉണർന്നു പ്രവർത്തിച്ച റെഡ്ക്രോസ് അവസരോചിതമായി പ്രവർത്തിക്കുന്നില്ലെന്നും ആക്ഷപമുണ്ട്. ലഭ്യമായ തുണിത്തരങ്ങൾക്കൊണ്ട് ഡോക്ടർമാർ സ്വന്തം നിലക്ക് മാസ്ക്കുകൾ ഉണ്ടാക്കേണ്ട ഗതികേടിലുമാണ്.

കൊറോണ ഭീതിയുള്ളതിനാൽ പ്രതിരോധവസ്തുക്കളുടെ വിതരണത്തിന് ആവശ്യത്തിന് സന്നദ്ധപ്രവർത്തകരെ കിട്ടാത്തതും തിരിച്ചടിയാണ്. രണ്ട് മില്യൺ മാസ്ക്കുകൾ ശേഖരിച്ച റെഡ്ക്രോസിന് ഇതുവരെ 2 ലക്ഷം മാസ്ക്കുകൾ മാത്രമാണ് വിതരണം ചെയ്യാനായിട്ടുള്ളത്. ഇതിൽ ചിലതൊക്കെ ചെന്നെത്തിയത് ആവശ്യക്കാരില്ലാത്ത സ്ഥലത്തും. റെഡ് ക്രോസിന്‍റെ കളക്ഷൻ സെന്‍ററുകളിൽ കെട്ടിക്കിടക്കുകയാണ് പ്രതിരോധസാമഗ്രികൾ. ഇവ ആവശ്യക്കാരിലേക്ക് എത്തിക്കാനായി സാധ്യമായതെല്ലാം ചെയ്യുമെന്നും ബുദ്ധിമുട്ടുകൾ ഉണ്ടായതിൽ ഖേദമുണ്ടെന്നുമാണ് വുഹാനിലെയും സമീപപ്രദേശങ്ങളിലേയും റെഡ്ക്രോസ് അധികൃതരുടെ പ്രതികരണം.