Asianet News MalayalamAsianet News Malayalam

ചൈനയിലെ എല്ലാ പ്രവിശ്യകളിലും കൊറോണബാധ: ഒരു ദിവസത്തെ ഏറ്റവും വലിയ മരണനിരക്ക്, ഭീതി

ആകെ 170 പേർ ഇത് വരെ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ. ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് യോഗം ചേരും.

Coronavirus spreads to all regions in china
Author
Beijing, First Published Jan 30, 2020, 12:28 PM IST

ബെയ്ജിംഗ്: ചൈനയിലെ എല്ലാ പ്രവിശ്യകളിലും കൊറോണവൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജനുവരി 29 വരെയുള്ള കണക്കനുസരിച്ച് ചൈനയിൽ 7,711 പേരിൽ കൊറോണ ബാധ സ്ഥരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 38 പേർ മരിച്ചുവെന്നാണ് റിപ്പോ‍‌‌ർട്ട്. ഒരു ദിവസത്തെ എറ്റവും ഉയർന്ന മരണ സംഖ്യയാണ് ഇത്. ആകെ 170 പേർ ഇത് വരെ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ. ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് യോഗം ചേരും. ചൈനയ്ക്ക് പുറമേ 20 രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. 

വൈറസ് ബാധ ഭീതിക്കിടെ ചൈനയിൽ പല നഗരങ്ങളിലും മാസ്കുകൾ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾക്ക് ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്.ടിബറ്റിലാണ് ഏറ്റവും ഒടുവിലായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ജപ്പാൻ ചൈനയിൽ നിന്നൊഴിപ്പിച്ച 200 പേരിൽ 3 പേർക്ക് വൈറസ് ബാധയുള്ളതായി കണ്ടെത്തി. അമേരിക്ക ചൈനയിൽ നിന്നൊഴിപ്പിച്ച 200 പേരിൽ വൈറസ് ബാധ ഉണ്ടോയെന്നറിയാനുള്ള പരിശോധനകൾ തുടരുകയാണ്. ചൈനയ്ക്ക് പുറത്തുള്ള കൊറോണ ബാധിതരുടെ എണ്ണം കുറവാണെങ്കിലും വലിയ തോതിൽ രോഗബാധ പടരാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഭയം. അത് കൊണ്ട് തന്നെ വൈറസ് ബാധ തടയാൻ ലോകരാജ്യങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഇതിനിടെ വൈറസിനെതിരായ വാക്സിൻ കണ്ടുപിടിക്കുന്നതിനായി ചൈന റഷ്യയുടെ സഹായം തേടിയിട്ടുണ്ട്. കൊറോണ വൈറസിന്റെ ജനിതക ഘടന ഇതിനായി ചൈന റഷ്യക്ക് കൈമാറിക്കഴിഞ്ഞു. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ കുടുങ്ങിപ്പോയവരെ ഒഴിപ്പിക്കാൻ എല്ലാ സഹായവും ചെയ്യുമെന്ന് ചൈനീസ് ഭരണകൂടം അറിയിച്ചിട്ടുണ്ട്. 

കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വേണ്ടി ചർച്ചകൾ നടക്കുകയാണ്. വുഹാനിലുള്ള ഇന്ത്യയിലേക്ക് മടങ്ങേണ്ട എല്ലാ ഇന്ത്യക്കാർക്കും ഇന്ത്യൻ എംബസി സമ്മത പത്രം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. തിരികെയെത്തിയാൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്നതടക്കമുള്ള നിർദ്ദേശങ്ങളടങ്ങിയ സമ്മത പത്രമാണ് ഇന്ത്യക്കാർക്ക് കൈമാറിയിട്ടുള്ളത്.

Read More: 'ഞങ്ങളെ രക്ഷിക്കൂ', കൊറോണ ബാധിത നഗരങ്ങളിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ പറയുന്നത്..

ഇന്ത്യയുടെ കണക്ക് പ്രകാരം 250ലേറെ ആളുകൾ ചൈനയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിൽ മലയാളികളുമുണ്ട്. ഇവരിൽ നല്ല ഒരു പങ്കും വിദ്യാർത്ഥികളാണ്. ചൈനയിലേക്ക് പോകാൻ വേണ്ടി എയർഇന്ത്യ വിമാനം മുംബൈയിൽ സജ്ജമാക്കി വച്ചിട്ടുണ്ടെങ്കിലും അങ്ങോട്ട് പോകുവാൻ എപ്പോൾ കഴിയുമെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. ഇന്ത്യയെക്കൂടാതെ അമേരിക്ക, ഫ്രാൻസ്, ജപ്പാൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളും വിമാനം തയ്യാറാക്കി കാത്തിരിക്കുകയാണ്. 

Read More: കൊറോണ വൈറസ്; ഇന്ത്യക്കാരടക്കമുള്ളവരെ ഒഴിപ്പിക്കാൻ എല്ലാ സഹായവും ചെയ്യാമെന്ന് ചൈന

Follow Us:
Download App:
  • android
  • ios