ദില്ലി: ന്യൂയോർക്കിലെ ബ്രോങ്ക്സ് മൃഗശാലയിൽ കടുവയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ലോകം ആശങ്കയിലാണ്. ജീവനക്കാരനിൽ നിന്നാണ് കടുവയ്ക്ക് രോഗബാധയുണ്ടായത് എന്നാണ് മൃഗശാല അധികൃതരുടെ നിഗമനം. വളർത്തുമൃഗങ്ങളില്‍ നിന്ന് കൊവിഡ് 19 മനുഷ്യരിലേക്ക് പടരുമോയെന്ന ആശങ്കകളും ഇതോടെ സജീവമായി. 

 

'മൃഗങ്ങളുമായി, പ്രത്യേകിച്ച് വളർത്തുമൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കുക. അവയില്‍ നിന്ന് വൈറസ് മനുഷ്യരിലേക്ക് പടരും'- എന്ന പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ. ഇന്ത്യ ടുഡേ ഫാക്ട് ചെക്കിന്‍റെ കണ്ടെത്തലുകള്‍ ഇവയാണ്. 

എന്താണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം

വളർത്തുമൃഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതായി സ്ഥിരീകരണമില്ല എന്നായിരുന്നു ലോകാരോഗ്യ സംഘടന മുന്‍പ് അവരുടെ വൈബ്‍സൈറ്റില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഹോങ്കോംഗില്‍ വളർത്തുനായക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഈ വിവരണം പിന്‍വലിച്ചു. ലോകാരോഗ്യ സംഘടന ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഇങ്ങനെ...'കൊവിഡ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അവയെ കൈകാര്യം ചെയ്യുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം'.

മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്ന് മൃഗസംരക്ഷണത്തിനായുള്ള ആഗോള സംഘടന പറയുന്നുണ്ട്. അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണമെന്നും ശുചിത്വം പാലിക്കണമെന്നും മാസ്ക്കുകള്‍ ധരിക്കണമെന്നും അവർ നിർദേശിക്കുന്നു. അവശ്യമെങ്കില്‍ വളർത്തുമൃഗങ്ങളെയും ക്വാറന്‍റൈനിലാക്കണം എന്നാണ് പെന്‍സില്‍വാനിയ സർവകലാശാലയിലെ സ്കൂള്‍ ഓഫ് വെറ്ററിനറി മെഡിസിനിലെ മൈക്രോ ബയോളജിസ്റ്റ് ഷെല്ലി റാന്‍കിന്‍ തന്‍റെ ലേഖനത്തില്‍ പറയുന്നത്. 

 

വിശദീകരണവുമായി പിഐബിയും

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കൊവിഡ് 19 പടരുമെന്ന് തെളിവുകളില്ലെന്നും എന്നാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇന്ത്യയുടെ പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോ(പിഐബി)യും അടുത്തിടെ വ്യക്തമാക്കിയിരുന്നു. വളർത്തുമൃഗങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് ആശങ്ക ഉടലെടുത്തതോടെയാണ് പിഐബി വിശദീകരണവുമായി രംഗത്തെത്തിയത്. മൃഗങ്ങളില്‍ നിന്ന് രോഗം പടരാനുള്ള സാധ്യത നാഷണല്‍ ജിയോഗ്രഫിയും തള്ളി. 

ഇപ്പോള്‍ പറയാന്‍ കഴിയുക ഇത്രമാത്രം

മൃഗങ്ങള്‍ക്ക് കൊവിഡ് 19 ബാധിച്ചതായി ചില കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടർന്നതായി തെളിവുകളില്ല. എങ്കിലും മൃഗങ്ങളെ പരിപാലിക്കുമ്പോള്‍ സുരക്ഷയും ശുചിത്വവും പാലിക്കണം. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കൊവിഡ് പകരുമെന്ന് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണ പരത്തും. 

Read more: കൊവിഡ് 19; വളര്‍ത്തു മൃ​ഗങ്ങളെ ഇഷ്ടപ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്...