ഇസ്രയേലില്‍ കൊല്ലപ്പെട്ട സൌമ്യയുടെ ബന്ധുവാണ് ഷെര്‍ളി
ടെല്‍ അവീവ്: ഇസ്രയേലിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ പുറത്തിറങ്ങാതെ മുറിയില്‍ കഴിയുകയാണെന്ന് മലയാളിയായ ഷെര്‍ളി. അടുത്ത 24 മണിക്കൂര്‍ കൂടി മുറിയില്‍ തന്നെ കഴിയാനാണ് നിര്‍ദേശം ലഭിച്ചത്. പരമാവധി ഇസ്രയേല്‍ സംരക്ഷിക്കുമെന്നും നാട്ടിലുള്ളവര്‍ ഭയപ്പെടേണ്ടെന്നും ഷെര്‍ളി പറഞ്ഞു.
"ഹമാസ് ആക്രമണം തുടങ്ങി 24 മണിക്കൂറായി. ഇന്നലെ 10 മണിക്ക് ശേഷം സ്ഥലം നിശബ്ദമാണ്. ഇപ്പോള്‍ സേഫ് റൂമിലേക്ക് പോലും മാറാന്‍ പറ്റാതെ മുറിക്കുള്ളില്‍ ഇരിക്കുകയാണ്. ഞങ്ങളുടെ മേഖലയില്‍ തീവ്രവാദികളുണ്ട്. അതിനാല്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് അറിയിപ്പ് കിട്ടിയതുകൊണ്ടാണ് മുറിക്കകത്ത് ഇരിക്കുന്നത്. രാത്രി ശാന്തമായിരുന്നു. ശബ്ദമുണ്ടാക്കാതെ ജനല്‍ പോലും തുറക്കാതെ മുറിക്കുള്ളില്‍ ഇരിക്കുകയാണ്. അടുത്ത 24 മണിക്കൂര്‍ കൂടി മുറിക്കുള്ളില്‍ തുടരണം. നാട്ടിലുള്ളവര്‍ ഒരുപാട് ഭയപ്പെടേണ്ട. മാക്സിമം സേഫായി ഇസ്രയേല്‍ സംരക്ഷിക്കും"- ഷെര്‍ളി പറഞ്ഞു.
ഇസ്രയേലില്‍ കൊല്ലപ്പെട്ട സൌമ്യയുടെ ബന്ധുവാണ് ഷെര്‍ളി. കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്ന സൌമ്യ 2021ല്‍ ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സാധാരണ ശബ്ദം കേട്ടാണ് ആക്രമണത്തിന്‍റെ ഭീകരാവസ്ഥ മനസിലാക്കുന്നതെന്ന് ഷെര്‍ളി പറഞ്ഞു. മിസൈലുകള്‍ തലയ്ക്കു മീതെ പാഞ്ഞ അനുഭവം മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സൌമ്യയുടെ മരണം ഒരുപാട് ഭയപ്പെടുത്തിയെന്ന് ഷെര്‍ളി പറഞ്ഞു.
കഴിഞ്ഞ ദിവസം ബങ്കറില്‍ ഒളിച്ചിരുന്നുവെന്നും ഇസ്രയേല്‍ ചെറുത്തുനില്‍പ്പ് തുടങ്ങിയതോടെ ആശ്വാസമുണ്ടെന്നും ജറുസലേമിനടുത്തുള്ള പ്രദേശത്ത് നഴ്സിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന റീന പറഞ്ഞു- "ഇന്നലെ നിങ്ങള്‍ വിളിക്കുമ്പോള്‍ സൈറണ്‍ മുഴങ്ങി ബങ്കറിലേക്ക് ഓടാന്‍ നില്‍ക്കുകയായിരുന്നു. ജീവനക്കാരെയൊക്കെ സുരക്ഷിതരാക്കിയ ശേഷമാണ് നിങ്ങളോട് സംസാരിച്ചത്. പേടിച്ച അവസ്ഥയിലായിരുന്നു. ഇപ്പോഴും പ്രശ്നങ്ങളുണ്ട്. എന്നാല്‍ ഇസ്രയേലിന്‍റെ ചെറുത്തുനില്‍പ്പ് തുടങ്ങിയെന്ന റിപ്പോര്‍ട്ട് വന്നപ്പോള്‍ ആശ്വാസം തോന്നി. അതിന്‍റെ ബലത്തിലാണ് ഇരിക്കുന്നത്. ഇനി ഇസ്രയേലിന്‍റെ പ്രതിരോധനിര കൈകാര്യം ചെയ്തുകൊള്ളും എന്ന ആശ്വാസമുണ്ട്".

