നിലവിൽ ട്രംപിന്റെ മുന്നറിയിപ്പ് നേരിടുന്ന രാജ്യങ്ങൾ ഇവയാണ്.

വാഷിംഗ്ടൺ: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് പിന്നാലെ, കൊളംബിയ, ക്യൂബ, മെക്സിക്കോ, ഇറാൻ, ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങൾ വിജയകരമായി മുന്നോട്ട് പോവണം. അവിടെയുള്ള എണ്ണ വിഭവങ്ങൾ സ്വതന്ത്ര്യമായി ലഭ്യമാകണം എന്നാണ് നിക്കോളാസ് മഡൂറോയെ തടങ്കലാക്കിയതിന് പിന്നാലെ ട്രംപ് പ്രതികരിച്ചത്. പടിഞ്ഞാറൻ അ‍‍ർദ്ധ ഗോളത്തിൽ അമേരിക്കൻ ആധിപത്യം ആരും ചോദ്യം ചെയ്യില്ലെന്നും ട്രംപ് വിശദമാക്കിയിരുന്നു. നിലവിൽ ട്രംപിന്റെ മുന്നറിയിപ്പ് നേരിടുന്ന രാജ്യങ്ങൾ ഇവയാണ്.

1.ഗ്രീൻലാൻഡ്: അമേരിക്കയുടെ രാജ്യസുരക്ഷയ്ക്കാ ഗ്രീൻലാൻഡ് ആവശ്യമാണെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിട്ടുള്ളത്. ഗ്രീൻലാൻഡ് തന്ത്രപരമായ ഒന്നാണ് റഷ്യൻ ചൈനീസ് കപ്പലുകളാണ് ഗ്രീൻലാൻഡിൽ നിലവിലുള്ളത്. ഡെൻമാ‍ർക്കിന് ഇത് തടയാൻ കഴിയില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

2.ക്യൂബ: വെനസ്വേലയുടെ സഖ്യ കക്ഷിയായ ക്യൂബയിൽ സൈനിക ഇടപെടൽ ആവശ്യമില്ല. ക്യൂബ തനിയെ തകരുമെന്നാണ് ട്രംപ് പറഞ്ഞത്. ക്യൂബൻ ഭരണകൂടം വലിയ പ്രശ്നമാണെന്നും ട്രംപ് പ്രതികരിച്ചിരുന്നു. ഭാവിയിലെ നടപടികളെക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നാണ് ക്യൂബയേക്കുറിച്ച് അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചത്.

3.ഇറാൻ: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊന്നാൽ അമേരിക്ക അവരെ രക്ഷിക്കാൻ എത്തുമെന്നും സൈന്യം സജ്ജമാണെന്നാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയത്. ആണവ, മിസൈൽ പദ്ധതികൾ പുനർനിർമ്മിക്കാൻ ശ്രമിച്ചാൽ അവ തകർക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

4. കൊളംബിയ: അമേരിക്കയിലേക്ക് മയക്കുമരുന്ന് എത്തുന്നത് കൊളംബിയയിലെ ലഹരിമരുന്ന ലാബുകളിൽ നിന്നാണ് എന്നാണ് ട്രംപിന്റെ നിരീക്ഷണം. വെനസ്വേലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കെതിരെയും രൂക്ഷ വിമ‍ർശനമാണ് ട്രംപ് നടത്തിയത്.

5. മെക്സിക്കോ: മയക്കുമരുന്ന് കടത്ത് തടയുന്നില്ലെന്നാണ് മെക്സിക്കോയ്ക്ക് എതിരായ അമേരിക്കയുടെ ആരോപണം. നടപടി എടുത്തില്ലെങ്കിൽ അമേരിക്ക നടപടി എടുക്കുമെന്നാണ് ഭീഷണി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം