മൂവായിരത്തിലധികം ബള്‍ബുകള്‍ ഉപയോഗിച്ചാണ് ഇത്തവണ ഈ ഫിര്‍ മരം അലങ്കരിച്ചിരിക്കുന്നത്. വോർസെസ്റ്റർഷയറിലെ തന്നെ ക്രിസ്തുമസ് അലങ്കാരങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുകയാണ് ആവ്രില്‍ - ക്രിസ്റ്റഫര്‍ റോളണ്ട് ദമ്പതികളുടെ ഫിര്‍ മരം

44 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുമിച്ചുള്ള ആദ്യ ക്രിസ്തുമസിന്‍റെ ഓര്‍മ്മയ്ക്കായി ദമ്പതികള്‍ നട്ട ക്രിസ്തുമസ് മരം 50 അടിയോളം ഉയരം വച്ച് ഒരു നഗരത്തിലെ തന്നെ ഏറ്റവും വലിയ ക്രിസ്തുമസ് മരമായി മാറി. ഇംഗ്ലണ്ടിലെ വോർസെസ്റ്റർഷയറിലാണ് അപൂര്‍വ്വ സംഭവം. ആവ്രില്‍ - ക്രിസ്റ്റഫര്‍ റോളണ്ട് ദമ്പതികളാണ് 44 വര്‍ഷം മുന്‍പ് ആറ് യൂറോ ചെലവിട്ട് തങ്ങളുടെ വീടിന് മുന്‍പിലെ പൂന്തോട്ടത്തില്‍ ഒരു ക്രിസ്തുമസ് ട്രീ നട്ടത്. അന്ന് മുതല്‍ മരത്തിനുള്ള സംരക്ഷണത്തിലും പരിപാലനത്തിലും ദമ്പതികള്‍ വീഴ്ച വരുത്തിയിരുന്നില്ല. നിലവില്‍ ഇവരുടെ നാല് മുറിയുള്ള വീടിനെ പൂര്‍ണമായും മറച്ച നിലയിലാണ് ഈ ക്രിസ്തുമസ് മരം വളര്‍ന്ന് നില്‍ക്കുന്നത്.

മൂവായിരത്തിലധികം ബള്‍ബുകള്‍ ഉപയോഗിച്ചാണ് ഇത്തവണ ഈ ഫിര്‍ മരം അലങ്കരിച്ചിരിക്കുന്നത്. വോർസെസ്റ്റർഷയറിലെ തന്നെ ക്രിസ്തുമസ് അലങ്കാരങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുകയാണ് ആവ്രില്‍ - ക്രിസ്റ്റഫര്‍ റോളണ്ട് ദമ്പതികളുടെ ഫിര്‍ മരം. പല വിധ കാലാവസ്ഥകളില്‍ ഒരിക്കല്‍ പോലും മരം നിലം പൊത്തിയില്ല മറിച്ച് മുകളിലേക്ക് തന്നെ വളരുകയായിരുന്നുവെന്നാണ് ദമ്പതികളും പറയുന്നത്. കറന്‍റിന് ചെലവിടുന്ന പണം കുത്തനെ ഉയര്‍ന്നിട്ടുണ്ടെങ്കിലും അലങ്കാരങ്ങള്‍ക്ക് കുറവ് വരുത്താന്‍ ദമ്പതികള്‍ തയ്യാറായിട്ടില്ല. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ലണ്ടനിലെ ജീവിത ചെലവ് കുത്തനെ ഉയരുമ്പോഴാണ് ഇതെന്നതും ശ്രദ്ധേയമാണ്.

തങ്ങളുടെ ക്രിസ്തുമസ് മരം ഉപയോഗിച്ച് ജീവകാരുണ്യ പ്രവര്‍ത്തനത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള നീക്കത്തിലാണ് ദമ്പതികളുളളത്. 750 യൂറോയോളം ഇഥിനോടകം സമാഹരിച്ചതായും ദമ്പതികള്‍ പറയുന്നു. ടെലിവിഷന്‍ ജീവനക്കാരിയായിരുന്നു ആവ്രില്‍. 76 വയസാണ് നിലവിലെ പ്രായം. കൊവിഡ് കാലത്ത് അലങ്കാരങ്ങള്‍ കുറഞ്ഞിരുന്നുവെങ്കിലും ഇത്തവണ ഫിര്‍ മരത്തെ പൂര്‍ണമായും അലങ്കരിച്ച് വിവിധ പദ്ധതികളാണ് ആവ്രിലും ഇടുന്നത്.

വലിയ ക്രെയിനിന്‍റെ സഹായത്തോടെയാണ് ഫിര്‍ മരം ദമ്പതികള്‍ അലങ്കരിച്ചത്. അലങ്കരിച്ച ഫിര്‍ മരം മൈലുകള്‍ക്ക് അകലെ നിന്ന് കാണാമെന്നതും ശ്രദ്ധേയമാണ്. ആയിരക്കണക്കിന് യൂറോയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫിര്‍ മരം കാണാനെത്തിയവരില്‍ നിന്നായി ദമ്പതികള്‍ക്ക് ലഭിച്ചത്. ഈ പണമെല്ലാം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ദമ്പതികള്‍ ചെലവിടുന്നത്.