ന്യൂയോർക്ക് ക്വീൻസിലെ സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധത്തിൽ ഉയർന്ന ഹമാസ് അനുകൂല മുദ്രാവാക്യങ്ങളെ ന്യൂയോർക്ക് സിറ്റി അസംബ്ലി അംഗം സൊഹ്‌റാൻ മംദാനി ശക്തമായി അപലപിച്ചു.
ന്യൂയോർക്ക്: ക്വീൻസിലെ സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ ഹമാസ് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയതിനെ തള്ളിപ്പറഞ്ഞ് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. പലസ്തീൻ അസംബ്ലി ഫോർ ലിബറേഷൻ (പിഎഎൽ-അവ്ദ) എന്ന സംഘടനയുടെ പ്രതിഷേധത്തിനിടെയാണ് ഹമാസ് അനുകൂല പ്രസ്താവന ഉയർന്നത്. ഇസ്രായേൽ അനുകൂല പ്രകടനക്കാർ വംശീയവും ഹോമോഫോബിക് മുദ്രാവാക്യങ്ങളും മുഴക്കിയെന്നും ആരോപണം ഉയർന്നു. പ്രതിഷേധത്തെക്കുറിച്ചും മുദ്രാവാക്യങ്ങളെക്കുറിച്ചും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞപ്പോഴാമ് മംദാനി ഹമാസിനെ തള്ളിപ്പറഞ്ഞത്.
പ്രതിഷേധത്തിനിടെ ഉയർന്ന ചില മുദ്രാവാക്യങ്ങൾ തെറ്റാണെന്നും ന്യൂയോർക്ക് നഗരത്തിൽ അവയ്ക്ക് സ്ഥാനമില്ലെന്നും മംദാനി ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിലും പുറത്തുകടക്കുന്നതിലും ന്യൂയോർക്കുകാരുടെ സുരക്ഷയും പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവും ഉറപ്പാക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസിനെ പ്രത്യേകമായി അപലപിക്കാത്തതിന് വിമർശിക്കപ്പെട്ടതിന് പിന്നാലെ എക്സിൽ പോസ്റ്റുമായി അദ്ദേഹം രംഗത്തെത്തി. തീവ്രവാദ സംഘടനയെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങൾക്ക് നമ്മുടെ നഗരത്തിൽ സ്ഥാനമില്ലെന്നും മംദാനി വ്യക്തമാക്കി. വ്യാഴാഴ്ചത്തെ പ്രതിഷേധത്തിനിടെ മംദാനിക്കു പുറമേ, ന്യൂയോർക്കിലെ മറ്റ് രാഷ്ട്രീയക്കാരും ഹമാസ് അനുകൂല മുദ്രാവാക്യങ്ങളെ അപലപിച്ചു.
