വുഹാന്‍: ഇടവേളക്ക് ശേഷം ചൈനയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വുഹാന്‍ നഗരത്തിലെ ഒരു കോടിയിലധികം വരുന്ന ജനങ്ങളെ മുഴുവന്‍ പരിശോധിക്കാനൊരുങ്ങി ചൈന. 10 ദിവസത്തിനുള്ളില്‍ വുഹാനിലെ 1.1 കോടി ജനങ്ങളെ പരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ തന്നെ 30-50 ലക്ഷം ആളുകളെ പരിശോധിച്ചു. ഇനി 40-60 ലക്ഷം ആളുകളെയാണ് പരിശോധിക്കാനുള്ളത്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ വുഹാനിലെ ഏഴ് പ്രവിശ്യകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന. നേരത്തെ വുഹാനില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചിരുന്നു.

വ്യാപക പരിശോധനക്കുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് മി ഫെങ് അറിയിച്ചു. പ്രായമേറിയവര്‍, രോഗികള്‍, കുട്ടികള്‍ എന്നിവരുടെ പരിശോധനക്ക് മുന്‍ഗണന നല്‍കും. ഒരുമാസത്തെ ഇടവേളക്ക് ശേഷമാണ് വുഹാനില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 10,11 തീയതികളിലായാണ് വുഹാനില്‍ രോഗം ബാധിച്ചത്. ലോക്ക്ഡൗണ്‍ നീക്കിയ ഏപ്രില്‍ എട്ടിന് ശേഷം രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് രോഗം ബാധിച്ചതെന്നും അധികൃതര്‍ അറിയിച്ചു. ഇവര്‍ നിരീക്ഷണത്തിലായിരുന്നു. 

ജനുവരി 23 മുതല്‍ ഏപ്രില്‍ എട്ട് വരെയാണ് വുഹാനില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയത്. വുഹാനിലാണ് കൊവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വുഹാനിലെ രോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്തത് ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ആശങ്കയുണര്‍ത്തി. വൈറസിന്റെ രണ്ടാം വ്യാപനമാണോ എന്നാണ് പ്രധാന സംശയം.