ബീജിംഗ്: ലോകാരോഗ്യ സംഘടനക്ക് മൂന്ന് കോടി ഡോളര്‍ അനുവദിച്ച് ചൈന. കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് ലോകാരോഗ്യ സംഘടനയെ സഹായിക്കാനാണ് ചൈന തുക നല്‍കിയതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിങ് ട്വീറ്റ് ചെയ്തു. വികസ്വര രാഷ്ട്രങ്ങളിലെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനാണ് ഫണ്ട് അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടനക്ക് ചൈന രണ്ട് കോടി ഡോളര്‍ സഹായം നല്‍കിയിരുന്നു. 

നേരത്തെ ലോകാരോഗ്യ സംഘടനക്കുള്ള സഹായധനം യുഎസ് നിര്‍ത്തലാക്കിയിരുന്നു. ലോകാരോഗ്യ സംഘടന കൊവിഡ് വിഷയത്തില്‍ ചൈനക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചതിന് പിന്നാലെയാണ് അമേരിക്ക ഫണ്ട് വെട്ടിക്കുറച്ചത്. ലോകാരോഗ്യ സംഘടനക്ക് കൂടുതല്‍ ഫണ്ട് നല്‍കിയ രാജ്യമായിരുന്നു അമേരിക്ക. യുഎസ് സഹായം വെട്ടിക്കുറച്ച സാഹചര്യത്തിലാണ് കൂടുതല്‍ തുക ചൈന വാഗ്ദാനം ചെയ്തത്. 

ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.84 ലക്ഷമായി ഉയര്‍ന്നു. 26 ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധയേറ്റു. അമേരിക്കയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ ലോകത്തിലെ പട്ടിണി നിരക്ക് ഇരട്ടിയാകാമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി.