Asianet News MalayalamAsianet News Malayalam

കൊവിഡ് 19: യൂറോപ് നിശ്ചലതയിലേക്ക്, 70 കഴിഞ്ഞവരെ ഐസൊലേഷനിലാക്കുമെന്ന് ബ്രിട്ടന്‍

കൊവിഡ് 19 പടര്‍ന്ന് പിടിച്ചതോടെ യൂറോപ് മുഴുവനായി നിശ്ചലതയിലേക്ക്. ബ്രിട്ടനില്‍ 70 വയസ്സിന് മുകളിലുള്ളവരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ മാളുകള്‍, തിയറ്ററുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ അടച്ചു.

Covid 19: Covid 19 Number rises in Europe
Author
London, First Published Mar 15, 2020, 7:29 PM IST

ലണ്ടന്‍: കൊവിഡ് 19 പടര്‍ന്ന് പിടിച്ചതോടെ യൂറോപ് മുഴുവനായി നിശ്ചലതയിലേക്ക്. ബ്രിട്ടനില്‍ 70 വയസ്സിന് മുകളിലുള്ളവരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ മാളുകള്‍, തിയറ്ററുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ അടച്ചു. അവശ്യ സാധനങ്ങള്‍ക്കായി മാത്രമാണ് ജനം പുറത്തിറങ്ങുന്നത്. ആസ്ട്രിയയില്‍ അഞ്ച് പേരിലധികം കൂട്ടം കൂടുന്നത് നിരോധിച്ചു. രാജ്യത്തെ സ്കൂളുകളും ഷോപ്പുകളും അടച്ചു. സ്പെയിനില്‍ അത്യാവശ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങളോട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. റൊമാനിയയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചെക് റിപ്പബ്ലിക് രാജ്യത്തെ മൊത്തം ക്വറന്‍റൈനായി പ്രഖ്യാപിക്കുകയും അതിര്‍ത്തികള്‍ അടക്കുകയും ചെയ്തു. സ്ലൊവാക്യയും അതിര്‍ത്തികള്‍ അടച്ചിട്ടു. 

കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ എല്ലാ സ്ഥാപനങ്ങളും ഷോപ്പുകളും അടച്ചിട്ടിരിക്കുകയാണ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഫ്രാന്‍സില്‍ സ്കൂളുകള്‍, കഫേകള്‍, റസ്റ്ററന്‍റുകള്‍, സിനിമ തിയറ്ററുകള്‍, നൈറ്റ് ക്ലബുകള്‍ തുടങ്ങിയവ അടച്ചിട്ടു. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജര്‍മനിയിലും നിയന്ത്രണങ്ങള്‍ തുടരുകയാണ്. ബ്രിട്ടനില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. 2021 മേയില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചത്. 70 വയസ്സ് പിന്നിട്ട എല്ലാവരെയും ഐസൊലേഷനില്‍ പാര്‍പ്പിക്കാനും ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അത്യാവശ്യക്കാര്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്നും സര്‍ക്കാര്‍ അറിയിച്ചു. 

ഇറ്റലിയില്‍ മരണ സംഖ്യ 1441 ആയി ഉയര്‍ന്നു. 21,157 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്പെയിനില്‍ 6821 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണ സംഖ്യ 208 ആയി ഉയര്‍ന്നു. സ്പാനിഷി പ്രധാനമന്ത്രിയുടെ ഭാര്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ 1140 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു. 60 പേര്‍ മരിക്കുകയും ചെയ്തു. ഫ്രാന്‍സില്‍ 4499 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 91 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ജര്‍മനിയില്‍ 5176 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ഒമ്പത് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Follow Us:
Download App:
  • android
  • ios