വാഷിംഗ്‌ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നു. മരണം 655,862 ആയി. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും ആണ് കൂടുതൽ രോഗികൾ. അമേരിക്കയിൽ മരണം ഒന്നര ലക്ഷം കടന്നു. അമേരിക്കയിൽ 24 മണിക്കൂറിനിടെ 60,003 പേർക്കാണ് രോഗം ബാധിച്ചത്. നാളിതുവരെ അമേരിക്കയില്‍ 4,431,842 പേര്‍ കൊവിഡ് ബാധിതരായി എന്നാണ് കണക്ക്. 

അമേരിക്കയിൽ 567ഉം ബ്രസീലിൽ 627ഉം ആളുകളാണ് 24 മണിക്കൂറിനിടെ മരിച്ചത്. ബ്രസീലിലും നിയന്ത്രണവിധേയമാകാതെ മഹാമാരി പടരുകയാണ്. 24 മണിക്കൂറിനിടെ 23,579 പേര്‍ക്ക് രോഗം പിടിപെട്ടു. നാളിതുവരെ 2,443,480 പേര്‍ രോഗബാധിതരായപ്പോള്‍ ആകെ 87,679 മരണങ്ങളും ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്‌തു. കൊളംബിയയില്‍ എണ്ണായിരത്തിലേറെയും ദക്ഷിണാഫ്രിക്കയില്‍ ഏഴായിരത്തിലേറെയും മെക്‌സിക്കോയിലും റഷ്യയിലും അയ്യായിരത്തിലേറെയും പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.  

ഇന്ത്യയിലെ സ്ഥിതിയും അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 15 ലക്ഷത്തിനരികയെത്തി. വേൾഡോമീറ്റർ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ ഏറ്റവുമധികം രോഗികൾ മരിച്ച രാജ്യം ഇന്ത്യയാണ്. 636 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 33,000 പിന്നിട്ടു. ഇന്ത്യയില്‍ 46,000ത്തിലേറെ പുതിയ കൊവിഡ് രോഗികളുണ്ട് എന്നും വേള്‍ഡോമീറ്റര്‍ പറയുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ല. അതേസമയം, ലോകത്താകമാനം 10,217,311 പേരാണ് കൊവിഡില്‍ നിന്ന് ഇതുവരെ രോഗമുക്തി നേടിയത്. 

കൊവിഡ് കാലത്തെ കൊളള: പരിശോധനയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിന്‍റെ ഇരട്ടി തുക, സ്വകാര്യ ലാബുകള്‍ക്കെതിരെ പരാതി