Asianet News MalayalamAsianet News Malayalam

കൊവിഡ് മരണനിരക്ക് കൂടുതൽ പുരുഷൻമാരിൽ; സൂചന നൽകി ചൈനയിലെ കണക്കുകൾ, ഇറ്റലിയിലും സമാനം

സ്ത്രീകൾക്കും പുരുഷന്മാർക്കും രോഗബാധയേൽക്കാനുള്ള സാധ്യത ഏറെക്കുറെ തുല്യമാണ്. എന്നാൽ, പഠനത്തിനായി പരിഗണിച്ച രോഗികളിൽ മരണത്തിന് കീഴടങ്ങിയവരിൽ 63.8 ശതമാനവും പുരുഷന്മാരാണ്. സ്ത്രീകളാകട്ടെ 36.2 ശതമാനവും.

covid 19 death rate more men than women
Author
China, First Published Mar 23, 2020, 11:14 AM IST

ചൈന: കൊവിഡ് മരണനിരക്ക് സ്ത്രീകളെക്കാൾ കൂടുതൽ പുരുഷൻമാരിലാണെന്ന് കണക്കുകൾ. രോഗം ഏറ്റവും കൂടുതൽ പേരെ ബാധിച്ച ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള കണക്കുകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കൊവിഡ് രോഗികളാകുന്ന മിക്കവരിലും തീവ്രമായ ലക്ഷണങ്ങൾ ഉണ്ടാകുന്നില്ലെന്നും പഠനങ്ങളിൽ പറയുന്നു.

ചൈനയിൽ ആദ്യം രോഗം ബാധിച്ച 72,314 പേരിലാണ് പഠനം നടന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും രോഗബാധയേൽക്കാനുള്ള സാധ്യത ഏറെക്കുറെ തുല്യമാണ്. 100 സ്ത്രീകൾക്ക് രോഗബാധയേൽക്കുമ്പോൾ 106 പുരുഷന്മാരിലും രോഗം സ്ഥിരീകരിക്കുന്നു. എന്നാൽ പഠനത്തിനായി പരിഗണിച്ച രോഗികളിൽ മരണത്തിന് കീഴടങ്ങിയവരിൽ 63.8 ശതമാനവും പുരുഷന്മാരാണ്. സ്ത്രീകളാകട്ടെ 36.2 ശതമാനവും.

ഇറ്റലിയിൽ നിന്നും പുറത്തുവരുന്നതും സമാന കണക്കാണ്. 50 വയസിന് മുകളിലുള്ള രോഗികളിൽ നടന്ന പഠനങ്ങളിൽ സ്ത്രീകളുടെ ഇരട്ടിയോളം പുരുഷൻമാർ മരിക്കുന്നുവെന്നാണ് കണ്ടെത്തിയത്. രോഗബാധയുള്ളവരിൽ 80.9 ശതമാനത്തിലും തീവ്രമായ ലക്ഷണങ്ങളില്ല എന്നാണ് ചൈനയിലെ കണക്കുകൾ തെളിയിക്കുന്നത്. 13.8 ശതമാനം പേർക്ക് ഗുരുതര രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോൾ 4.7 ശതമാനം പേരാണ് അതീവഗുരുതരാവസ്ഥയിലെത്തുന്നത്.

രോഗമുക്തിയുടെ നിരക്കിനെ കുറിച്ച് ഇപ്പോൾ പറയാറായിട്ടില്ലെങ്കിലും ചൈനയിലെ രോഗികളിൽ ഭൂരിഭാഗം പേർക്കും രോഗം ഭേദമായി. കുട്ടികളിൽ രോഗലക്ഷണങ്ങൾ തീവ്രമായി പ്രത്യക്ഷപ്പെടുന്നില്ല എന്ന കണ്ടെത്തലും ആശ്വാസകരമാണ്. ഇറ്റലിയിൽ മരിച്ചവരിൽ മിക്കവർക്കും കൊവിഡ് ബാധയ്ക്ക് മുമ്പ് തന്നെ മറ്റ് മൂന്ന് രോഗാവസ്ഥകളെങ്കിലും ഉണ്ടായിരുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ശ്രദ്ധേയമായ ഈ കണക്കുകളെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്നാണ് അന്താരാഷ്ട്ര തലത്തിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രോഗത്തെ വരുതിയിലാക്കാൻ പഠനങ്ങൾ സഹായകമാക്കുമെന്നാണ് പ്രത്യാശ. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios