ബൊഗോട്ട: കൊവിഡ് 19 ആഗോളമായി വ്യാപിച്ച സാഹചര്യത്തില്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൊളമ്പിയയില്‍ കൊല്ലപ്പെട്ടത് 23 പേര്‍. ബൊഗോട്ടയിലെ ഏറ്റവും വലിയ ജയിലുകളിലൊന്നിലായ ലാ മൊഡേലോയിലാണ് കൊവിഡ് ഭീതിമൂലം ആക്രമണം നടന്നത്. സംഭവത്തില്‍ 83 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് കൊളമ്പിയന്‍ നിയമ മന്ത്രി മാര്‍ഗരിറ്റ കബെല്ലോ പറഞ്ഞു. 

കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തില്‍, ജയിലിലെ ആരോഗ്യ സംവിധാനങ്ങള്‍ കുറവാണെന്നും ആളുകളുടെ എണ്ണം കൂടുതലാണെന്നും ആരോപിച്ച് ജയില്‍ വാസികള്‍ ഞായറാഴ്ച പ്രതിഷേധിച്ചിരുന്നു. 32 ജയില്‍ വാസികളും ഏഴ് ജീവനക്കാരും ആശുപത്രിയിലാണ്. ആക്രമണം ആസൂത്രിതമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

ജയില്‍ വൃത്തിഹീനമാണെന്ന ആരോപണം തള്ളിയ മന്ത്രി, ജയിലില്‍ ശുചീകരണ പ്രശ്‌നം ഇല്ലെന്നും ഈ കലാപം അത് കാരണമല്ലെന്നും വ്യക്തമാക്കി. കൊവിഡ് ബാധിച്ച് ഒരാള്‍ പോലും ജയിലില്‍ ഐസൊലേഷനിലില്ലെന്നും ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ജയില്‍ ചാടാന്‍ ശ്രമിച്ചവര്‍ക്കെതിരെ കൊലക്കുറ്റവും വസ്തുക്കള്‍ നശിപ്പിച്ചത് സംബന്ധിച്ച കുറ്റവും ചുമത്തി. ജയിലില്‍ വെടിവയ്പ്പ് നടന്നത് അറിഞ്ഞ് നിരവധി പേരാണ് ജയിലിന് മുന്നില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ കുറിച്ചറിയാന്‍ തടിച്ചുകൂടിയിരിക്കുന്നത്.