Asianet News MalayalamAsianet News Malayalam

കണ്ണൂർ സ്വദേശി ലണ്ടനിൽ കൊവിഡ് ബാധിച്ച് മരിച്ചു, ആകെ മരിച്ച പ്രവാസികളുടെ എണ്ണം 16

കഴിഞ്ഞ 12 വർഷമായി ലണ്ടനിലെ റെഡ് ഹില്ലിലായിരുന്നു സിന്‍റോ ജോർജ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന് മൂന്ന് കുട്ടികളുണ്ട്. റെഡ് ഹില്ലിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

covid 19 malayalee from kannur dead due to covid in london redhill
Author
London, First Published Apr 6, 2020, 3:17 PM IST

ലണ്ടൻ: കൊവിഡ് രോഗം ബാധിച്ച് ലണ്ടനിൽ മലയാളി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി സിന്‍റോ ജോർജാണ് മരിച്ചത്. 36 വയസ്സായിരുന്നു. ലണ്ടനിലെ റെഡ് ഹില്ലിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു സിന്‍റോ ജോർജ്. എന്നാൽ ഇടയ്ക്ക് റസ്റ്റോറന്‍റിൽ പാർട്ട് ടൈമായും ജോലി ചെയ്തിരുന്നു ഇദ്ദേഹം. 

ഇദ്ദേഹത്തിന്‍റെ ഭാര്യയും മൂന്ന് മക്കളും ലണ്ടനിൽത്തന്നെയാണുള്ളത്. ഭാര്യയ്ക്ക് ജോലിയില്ല. കഴിഞ്ഞ ഒരാഴ്ചയായി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു സിന്‍റോ. 

രണ്ടാഴ്ച മുമ്പാണ് സിന്‍റോയ്ക്ക് അസുഖം സ്ഥിരീകരിച്ചത്. ലണ്ടനിൽ നിയന്ത്രണങ്ങൾ തുടങ്ങിയതിനാൽ ഇദ്ദേഹം ഒരു മാസമായി ആശുപത്രിയിൽ ജോലിക്ക് പോയിരുന്നില്ല. എന്നാൽ ഇടയ്ക്ക് രണ്ട് ദിവസം ഒരു റസ്റ്റോറന്‍റിൽ പാർട് ടൈമായി ജോലി ചെയ്യാൻ പോയിരുന്നു.

സിന്‍റോയുടെ അയൽപക്കത്തെ കുടുംബത്തിലുള്ളവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ റസ്റ്റോറന്‍റിൽ നിന്നാണോ അടുത്ത വീട്ടിൽ നിന്നാണോ ഇദ്ദേഹത്തിന് അസുഖം പകർന്നത് എന്നതിൽ വ്യക്തതയില്ല.

അസുഖം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ച മുമ്പ് സ്ഥിതി ഗുരുതരമായി, തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതമുണ്ടായി. തുടർന്ന് മരണം സംഭവിക്കുകയായായിരുന്നു.

ഇദ്ദേഹത്തിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. കുടുംബാംഗങ്ങൾക്ക് കാണാനും അവസരമുണ്ടാകില്ല. സുരക്ഷാമാനദണ്ഡങ്ങളോടെ ലണ്ടനിൽത്തന്നെ മൃതദേഹം സംസ്കരിക്കുമെന്ന് റെഡ് ഹിൽ മലയാളി അസോസിയേഷൻ അറിയിച്ചു.

ഇതോടെ, വിദേശത്ത് കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ എണ്ണം 16 ആയി. ഇന്നലെയും ഇന്നുമായി മരിച്ചത് ആറ് മലയാളികളാണ്.

ഇന്നലെയും ഇന്നുമായി വിവിധ രാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്ത മരണവിവരങ്ങൾ ഇങ്ങനെ: കൊട്ടാരക്കര സ്വദേശി ഉമ്മൻ കുര്യൻ, പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസും മല്ലപ്പള്ളി ചെങ്ങരൂർ സ്വദേശി ഏലിയാമ്മ ജോണുമാണ് അമേരിക്കയിൽ മരിച്ചത്. കൊട്ടാരക്കര സ്വദേശി ഇന്ദിര ലണ്ടനിൽ മരിച്ചു. കണ്ണൂർ കോളയാട് സ്വദേശി ഹാരിസ് ആലച്ചേരി യുഎഇയിലാണ് മരിച്ചത്. അജ്‌മാനിലെ സ്വകാരുണ്യ ആശുപത്രിയിൽ ആയിരുന്നു ഹാരിസിന്‍റെ മരണം.

ഞെട്ടലിൽ അമേരിക്കൻ മലയാളികൾ

അമേരിക്കയിലാണ് ഏറ്റവുമധികം മലയാളികൾ മരിച്ചത്. വിദേശരാജ്യങ്ങളിൽ കോവിഡ് ബാധിതരായി മരിയ്ക്കുന്ന മലയാളികളുടെ മൃതദേഹങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ നാട്ടിൽ എത്തിക്കാൻ സാധ്യമാകില്ല എന്നത് ബന്ധുക്കളുടെ വേദന ഇരട്ടിയാക്കുന്നു. പതിനേഴ് വർഷമായി അമേരിക്കയിൽ സ്ഥിര താമസമായിരുന്നു കൊട്ടാരക്കര സ്വദേശി ഉമ്മൻ കുര്യൻ. കൂടപ്പിറപ്പിനെ അവസാനമായി ഒന്ന് കാണാനാവില്ലെന്ന വേദനയിലാണ് നാട്ടിലുള്ള സഹോദരൻ ജോൺ. ന്യൂയോര്‍ക്കിൽ മലയാളി വിദ്യാര്‍ത്ഥി ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തിരുവല്ല കടപ്ര സ്വദേശി ഷോൺ എബ്രഹാം (21) ആണ് മരിച്ചത്. അയര്‍ലന്‍റില്‍ മലയാളി നഴ്സും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കോട്ടയം കുറുപ്പന്തറ സ്വദേശിനി ബീനയാണ് ഇന്നലെ മരിച്ചത്.

അമേരിക്കയിലെ ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് തൊടുപുഴ സ്വദേശിയായ ഇഞ്ചനാട്ട് തങ്കച്ചൻ മരിച്ചതിന്‍റെ ഞെട്ടലിലാണ് നാട്ടിലെ കുടുംബാംഗങ്ങൾ. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു 51 കാരനായ തങ്കച്ചൻ. ഒരാഴ്ച മുമ്പ് ജലദോഷവും നേരിയ പനിയും ബാധിച്ച തങ്കച്ചനെ മൂന്ന് ദിവസം മുമ്പ് മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമായി മരണം സംഭവിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios