കൊവിഡ് 19 ഭീതിയില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി വിമാനക്കമ്പനികള്‍. ആഗോളതലത്തില്‍ സര്‍വിസ് റദ്ദാക്കല്‍ തുടരുകയാണ്. അമേരിക്കന്‍ എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ് തുടങ്ങിയ കമ്പനികള്‍ ചൈനയിലേക്കുള്ള സര്‍വീസ് റദ്ദാക്കി. ഏപ്രില്‍ 24വരെയാണ് റദ്ദാക്കിയത്. 

എയര്‍ ഇന്ത്യ ഷാങ് ഹായി, ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ജൂണ്‍ 30വരെയാണ് റദ്ദാക്കിയത്. ബ്രിട്ടീഷ് എയര്‍ലൈന്‍സ് ചൈനയിലേക്കുള്ള വിലക്ക് ഏപ്രില്‍ 17വരെ നീട്ടിയിട്ടുണ്ട്. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ ചൈനയിലേക്കുള്ള സര്‍വിസ് ഖത്തര്‍ എയര്‍വെയ്സ്, ഒമാന്‍ എയര്‍ലൈന്‍സ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. സൗദി എയര്‍കമ്പനികളും റദ്ദാക്കല്‍ തുടര്‍ന്നു. ചൈനീസ് എയര്‍ലൈന്‍ കമ്പനികളും വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ലെബനന്‍, ഈജിപ്ത്, സിറിയ, ഇറാഖ്, ഇറ്റലി, കൊറിയ എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും സൗദി അറേബ്യ റദ്ദാക്കി. 

വിമാനത്താവളങ്ങളിലെ പരിശോധനയും കര്‍ശനമാക്കിയിരിക്കുകയാണ്. രോഗബാധയുണ്ടെന്ന് സംശയമുള്ളവരെ വിമാനത്താവളത്തില്‍ നിന്ന് തന്നെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയാണ്. സൗദിയടക്കമുള്ള ചില രാജ്യങ്ങള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ശേഷമാണ് പ്രവേശനം അനുവദിക്കുന്നത്.