ജറുസലേം: കൊവിഡ് 19 രോഗവ്യാപനം ഉടന്‍ അവസാനിക്കുമെന്നും എല്ലാം ശരിയാകുമെന്നും നൊബേല്‍ സമ്മാന ജേതാവ് മിഖായേല്‍ ലെവിറ്റ്. ഇസ്രായേല്‍ ദിനപത്രമായ കാല്‍കലിസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ബയോ ഫിസിസ്റ്റായ ലെവിറ്റ് ശുഭപ്രതീക്ഷ പങ്കുവെച്ചത്. ചൈനയിലെ കൊവിഡ് 19 കണക്കുകള്‍ പഠിച്ചാണ് ലെവിറ്റ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഫെബ്രുവരിയില്‍ ചൈനയില്‍ കൊവിഡ് 19 രൂക്ഷതയിലെത്തി. മരണസംഖ്യ ഉയരുമ്പോള്‍ പിന്നീട് രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലെ വളര്‍ച്ച താഴോട്ടായിരുന്നു. 50 കേസുകളില്‍ അധികം റിപ്പോര്‍ട്ട് ചെയ്ത 78 രാജ്യങ്ങളിലെ വിവരങ്ങളാണ് ലെവിറ്റ് പഠനവിധേയമാക്കുന്നത്. തിരിച്ചുവരവിന്റെ അടയാളം കാണിക്കുന്നതായി പറഞ്ഞു. മൊത്തം കണക്ക് അസ്വസ്ഥപ്പെടുത്തുന്നതാണ്. എന്നാല്‍ രോഗ ബാധയേല്‍ക്കുന്നവരുടെ എണ്ണത്തിലുള്ള വളര്‍ച്ച താഴേക്കാണ്. സാമൂഹിക അകലമാണ് രോഗവ്യാപനം തടയാനുള്ള ഫലപ്രദമായ മാര്‍ഗം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഫലം ചെയ്യും. ഇത് നിങ്ങളുടെ കൂട്ടുകാരോടൊത്ത് മദ്യപിക്കാനുള്ള സമയമല്ല. -ലെവിറ്റ് പറഞ്ഞു. അനാവശ്യ വാര്‍ത്തകള്‍ നല്‍കി ജനത്തെ ഭയപ്പെടുത്തുന്ന മാധ്യമങ്ങളുടെ ശൈലിയെയും അദ്ദേഹം വിമര്‍ശിച്ചു. 

അതേസമയം, കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. വളരെ വേഗത്തിലാണ് വ്യാപനമുണ്ടാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. നിലവില്‍ രോഗം ബാധിച്ചവരുടെ എണ്ണം 4 ലക്ഷത്തിനടുത്തെത്തി. 17, 262 പേര്‍ മരിക്കുകയും ചെയ്തു. 

ജനുവരിയില്‍ ആലപ്പുഴയില്‍ സര്‍ക്കാറിന്റെ അതിഥിയായി എത്തിയ ലെവിറ്റിനെയും ഭാര്യയെും ഹൗസ്ബാട്ട് സമരാനുകൂലികള്‍ തടഞ്ഞത് വലിയ  വിവാദമായിരുന്നു. സംഭവത്തില്‍ ലെവിറ്റിനോട് ക്ഷമ ചോദിക്കുകയും ഹൗസ് ബോട്ട് തടഞ്ഞ നാല് പേര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കുകയും ചെയ്തു. 2013ല്‍ രസതന്ത്രത്തിലാണ് മിഖായേല്‍ ലെവിറ്റിന് നൊബേല്‍ സമ്മാനം ലഭിച്ചത്.