Asianet News MalayalamAsianet News Malayalam

കൊവിഡില്‍ ഞെട്ടിവിറച്ച് അമേരിക്കയും റഷ്യയും; ലോകത്ത് രോഗ ബാധിതര്‍ 39 ലക്ഷം കടന്നു

ഇറ്റലിയിൽ മരണം 30,000ത്തോട് അടുത്തപ്പോള്‍ ബ്രിട്ടനിൽ മരണം മുപ്പതിനായിരം പിന്നിട്ടു. ഫ്രാൻസിനേയും ജർമനിയേയും മറികടന്ന് റഷ്യ രോഗബാധിതരുടെ എണ്ണത്തിൽ അഞ്ചാമത്തെത്തി. 

Covid 19 Positive cases 39 lakhs in world
Author
washington, First Published May 8, 2020, 6:43 AM IST

വാഷിംഗ്‌ടണ്‍: ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 39 ലക്ഷം കടന്നു. 270,403 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഇറ്റലിയിൽ മരണം 30,000ത്തോട് അടുത്തപ്പോള്‍ ബ്രിട്ടനിൽ മുപ്പതിനായിരം പിന്നിട്ടു. ഫ്രാൻസിനേയും ജർമനിയേയും മറികടന്ന് റഷ്യ രോഗബാധിതരുടെ എണ്ണത്തിൽ അഞ്ചാമത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,231 പേര്‍ക്കാണ് റഷ്യയില്‍ കൊവിഡ് ബാധിച്ചത്. 

അമേരിക്കയിലും കൊവിഡിന്‍റെ പ്രഹരം തുടരുകയാണ്. രോഗബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നലെ മാത്രം 29,120 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 77,000 ആയി ഉയര്‍ന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 2,109 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 216,863 പേരാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തരായത്. പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ അടുത്ത പരിചാരകരില്‍ ഒരാള്‍ക്ക് രോഗം പിടിപെട്ടത് വൈറ്റ് ഹൗസിനെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. അതേസമയം, വന്ദേഭാരത് മിഷന്റെ ഭാഗമായി ഏഴ് വിമാന സർവീസുകൾക്ക് ശനിയാഴ്ച്ച തുടക്കമാകും. 

Read more: കൊവിഡില്‍ ആശങ്ക ഇരട്ടിച്ച് അമേരിക്ക; മരണം മുക്കാല്‍ ലക്ഷം; ട്രംപിന്‍റെ അടുത്ത പരിചാരകന് രോഗം

സ്‌പെയിനില്‍ 26,070 പേരും ഇറ്റലിയില്‍ 29,958 പേരും യുകെയില്‍ 30,615 പേരും ഫ്രാന്‍സില്‍ 25,987 പേരും ഇതിനകം മരണപ്പെട്ടു. അമേരിക്കയ്‌ക്കും റഷ്യക്കും പുറമെ 24 മണിക്കൂറിനിടെ ബ്രസീലില്‍ 8,495 പേര്‍ക്കും യുകെയില്‍ 5,614 പേര്‍ക്കും സ്‌പെയിനില്‍ 3,173 പേരിലും രോഗം സ്ഥിരീകരിച്ചതും ആശങ്കയാണ്. 

ആഫ്രിക്കയ്‌ക്ക് കനത്ത മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന. കൊവിഡ് ബാധ ആദ്യ വർഷം ആഫ്രിക്കയിൽ 83,000 മുതൽ 1,90,000 പേരെ വരെ കൊല്ലുമെന്നും 49 ദശലക്ഷം ആളുകൾക്ക് രോഗം ബാധിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. പാകിസ്ഥാനിൽ രോഗ ബാധിതരുടെ എണ്ണം കൂടിയിട്ടും ശനിയാഴ്ച മുതൽ ലോക് ഡൗണിൽ ഇളവുകൾ വരുത്തുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. 

Read more: പ്രതിസന്ധിക്കടൽ കടന്ന് പ്രവാസികളുടെ ആദ്യ സംഘമെത്തി, റിയാദ്, ബഹ്റിൻ സർവീസുകൾ ഇന്ന്

Follow Us:
Download App:
  • android
  • ios