കോഴിക്കോട്/ കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ ഉഴലുന്ന പ്രവാസികളെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യം ഇന്നും തുടരും. വ്യാഴാഴ്ച കേരളത്തിലേക്ക് എത്തിയ ആദ്യസംഘത്തിൽ 363 പേരാണുണ്ടായിരുന്നത്. 68 ഗർഭിണികളും 9 കുഞ്ഞുങ്ങളും അടക്കമുള്ള സംഘത്തെ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇരുവിമാനത്താവളങ്ങളിലും നടന്ന പരിശോധനകളിൽ രോഗലക്ഷണങ്ങളുള്ള എട്ട് പേരെ ആശുപത്രികളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. മറ്റുള്ളവരെ അതാത് ജില്ലകളിലെ നിരീക്ഷണകേന്ദ്രങ്ങളിലുമെത്തിച്ചു.

1.92 ലക്ഷം ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന, രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം രണ്ടാം ദിനവും തുടരും. ഇന്ന് റിയാദിൽ നിന്ന് കോഴിക്കോട്ടേക്കും, ബഹ്റിനിൽ നിന്ന് കൊച്ചിയിലേക്കുമാണ് കേരളത്തിലേക്കുള്ള വിമാനസർവീസുകൾ. രാത്രി എട്ടരയ്ക്കാണ് റിയാദ് വിമാനം കരിപ്പൂരിലിറങ്ങുക. ബഹ്റിൻ വിമാനം രാത്രി 10.50-ന് കൊച്ചിയിലും പറന്നിറങ്ങും. സിംഗപ്പൂരിൽ നിന്ന് രാവിലെ ഒരു വിമാനം ദില്ലിയിലെത്തുന്നുണ്ട്.  

ഇതിന് പുറമേ തിരുവനന്തപുരത്ത് നിന്ന് ഇന്നും 11-ാം തീയതിയുമുള്ള ബഹ്റിൻ വിമാനങ്ങളിൽ ആ രാജ്യക്കാർക്കും ബഹ്റിനിലെ സ്ഥിര താമസക്കാർക്കും പോകാം. ഇന്ത്യയിലെ മറ്റ് നഗരങ്ങളിൽ നിന്ന് ശനിയാഴ്ച മുതൽ യുഎസ്, ബ്രിട്ടൻ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും വിമാനമുണ്ട്. എയർ ഇന്ത്യ വെബ്സൈറ്റിൽ ഇതിന്‍റെ മുഴുവൻ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 

അതേസമയം, എയർ ഇന്ത്യ ഇന്ന് ചില ആഭ്യന്തരസർവീസുകളും നടത്തുന്നുണ്ട്. കോഴിക്കോട്ട് നിന്ന് മുംബൈയിലേക്ക് ഇന്ന് രാത്രി 9 മണിക്ക് ഒരു വിമാനമുണ്ട്. കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് രാത്രി 9 മണിക്ക് മറ്റൊരു വിമാനവും സർവീസ് നടത്തും. വിദേശത്ത് നിന്ന് എത്തുന്നവരുടെ തുടർ യാത്രയ്ക്ക് വേണ്ടിയാണ് പ്രാഥമികമായും ഈ സർവീസ് നടത്തുന്നത്. എന്നാൽ മറ്റ് മെട്രോ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഇതുവരെ വിമാനസർവീസ് തുടങ്ങുന്ന കാര്യം തീരുമാനമായിട്ടില്ല. 

ആശ്വാസതീരം തൊട്ട് ആദ്യസംഘം

189 പേർക്ക് സഞ്ചരിക്കാവുന്ന അബുദാബി - കൊച്ചി വിമാനത്തിൽ 177 പേരും നാല് കുഞ്ഞുങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ദുബായ് - കോഴിക്കോട് വിമാനത്തിൽ 177 യാത്രക്കാരും അഞ്ച് കുട്ടികളുമെത്തി. ആദ്യമെത്തിയത് അബുദാബി വിമാനമാണ്. രാത്രി 10.13-ന് വിമാനം നിലം തൊട്ടു. രണ്ടാം വിമാനം ദുബായിൽ നിന്ന് 10.32-നുമെത്തി. 

യാത്ര പുറപ്പെടുന്നതിന് മുമ്പേ നടത്തിയ ദ്രുതപരിശോധനയിൽ ആർക്കും കൊവിഡില്ലെന്ന പ്രാഥമിക ഫലം വന്നത് ആശ്വാസമായി. നാട്ടിലെത്തിയ ശേഷം കൂടുതൽ നിരീക്ഷണങ്ങൾ വേണ്ടവരെയാണ് മെഡിക്കൽ സംഘത്തിന്‍റെ നി‍ർദേശപ്രകാരം ആശുപത്രികളിലേക്ക് മാറ്റിയത്. കൊവിഡ് മൂലം ആർക്കും യാത്ര ചെയ്യാനാകാത്ത സാഹചര്യം ഉണ്ടായിട്ടില്ല. 

എന്നാൽ ദുബായിൽ ഒരാൾക്ക് ഇമിഗ്രേഷൻ പ്രശ്നം മൂലം യാത്ര മാറ്റി വയ്ക്കേണ്ടി വന്നു. അമ്മ മരിച്ചതിനാൽ അടിയന്തര യാത്രയ്ക്ക് അനുമതി തേടിയ മറ്റൊരാളെ ഈ യാത്രയിൽ എയർ ഇന്ത്യ അവസാനനിമിഷം ഉൾപ്പെടുത്തി. അജിത് എന്നയാളെ തിരികെ എത്തിക്കാൻ കഴിഞ്ഞതിൽ ആശ്വാസമുണ്ടെന്ന് ദുബായ് കോൺസുൽ ജനറൽ അറിയിച്ചു. മരണാനന്തരച്ചടങ്ങുകൾക്ക് എത്തിയ 30 പേരാണ് കൊച്ചി വിമാനത്തിലുണ്ടായിരുന്നത്.

രണ്ട് വിമാനങ്ങളിലും ആർക്കെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ ചികിത്സിക്കാൻ ഏറ്റവും പിന്നിലെ രണ്ട് സീറ്റുകൾ ഒഴിച്ചിട്ടായിരുന്നു യാത്ര. പ്രസവം പോലുള്ള അടിയന്തര സാഹചര്യങ്ങളുണ്ടായാൽ അതിന് വേണ്ട ഗൈനക്കോളജിസ്റ്റ് അടക്കം വിദഗ്ധ ഡോക്ടർമാരും ഉണ്ടായിരുന്നു.

കരിപ്പൂരിൽ നടത്തിയ പരിശോധനയിൽ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടത് മൂന്ന് പേര്‍ക്കാണ്. നെടുമ്പാശ്ശേരിയിൽ ആരോഗ്യപ്രശ്നങ്ങളുള്ള അഞ്ച് പേരുണ്ടായിരുന്നു. കരിപ്പൂരിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയ രണ്ട് പേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശികളുമാണ്. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കുന്ന മലപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും ചുമയുള്ള മറ്റൊരു മലപ്പുറം സ്വദേശിയേയും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശിയേയും മഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റി. 

കരിപ്പൂരിൽ വിമാനമിറങ്ങിയ കോഴിക്കോട് ജില്ലയിലെ 26 പേരെ എൻഐടി എം ബി എ ഹോസ്റ്റലിലെ കോവിഡ് കെയർ സെന്‍ററിലാണ് താമസിപ്പിച്ചത്. സംഘത്തിൽ മൂന്ന് കുട്ടികളും ഒരു കുടുംബവും ഉണ്ട്.

അബുദാബി - കൊച്ചി വിമാനത്തിൽ എത്തി തൃശ്ശൂർ ജില്ലയിലെ 72 പ്രവാസികളിൽ 38 പേരെ കോവിഡ് കെയർ സെന്‍ററാി നിശ്ചയിച്ച ഗുരുവായൂർ സ്റ്റെർലിംഗിൽ സർക്കാർ ഏർപ്പെടുത്തിയ നിരീക്ഷണത്തിലാക്കി. പുലർച്ചെ 3.30 ഓടെ, പ്രത്യേകമായി ഏർപ്പെടുത്തിയ കെഎസ്ആർടിസി ബസ്സിലാണ് ഇവരെ ഹോട്ടലിൽ എത്തിച്ചത്. 39 പേരിൽ 10 സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പരിശോധനയെത്തുടർന്ന് തൃശ്ശൂർ സ്വദേശിയായ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനായി ബന്ധുക്കൾക്കൊപ്പം വിട്ടു. 

12 രാജ്യങ്ങളിൽ നിന്ന് ആദ്യത്തെ ഒരാഴ്ച 64 വിമാനങ്ങളിലായി 14,800 പേരെയാണ് നാട്ടിലെത്തിക്കുന്നത്. ഇതിൽ 26 സർവീസുകൾ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. 15 സർവീസുകൾ കേരളത്തിലേക്കും. കൂടുതൽ രാജ്യങ്ങളുടെ അനുമതി തേടിയാകും അടുത്ത ആഴ്ചത്തെ പട്ടിക പുറത്തുവിടുക. 

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ആദ്യ സംഘം കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറി. മലപ്പുറം ജില്ലക്കാരായ 20 പേരുടെ സംഘം കെഎസ്ആർടിസി ബസ് കാളികാവ് സഫ ആശുപത്രിയിലാണ് കഴിയുന്നത്.