Asianet News MalayalamAsianet News Malayalam

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു; യൂറോപ്പിൽ മരണ നിരക്ക് കുറയുന്നു

അമേരിക്ക കഴിഞ്ഞാൽ കൊവിഡ് കൂടുതൽ ബാധിച്ച യൂറോപ്യൻ രാജ്യങ്ങളിൽ മരണ നിരക്ക് കുറയുകയാണ്. ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ ഉപകരണങ്ങൾക്ക് ക്ഷാമം ഉണ്ടെന്ന് ബ്രിട്ടൻ തുറന്ന് സമ്മതിച്ചു

Covid 24 lakh patients around the world death rate slows down in Europe
Author
London, First Published Apr 20, 2020, 6:43 AM IST

ലണ്ടൻ: ലോകത്ത് കൊവിഡ് ബാധിതതരുടെ എണ്ണം 24 ലക്ഷം കടന്നു. യൂറോപ്പിൽ മരണ നിരക്ക് കുറയുന്നുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഇസ്രായേലും , ദക്ഷിണകൊറിയയും നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തി.

അമേരിക്കയിൽ മരണം നാൽപതിനായിരം കടന്നു. രോഗികകളുടെ എണ്ണം ഏഴര ലക്ഷം പിന്നിട്ടു. ഏറ്റവും മോശം അവസ്ഥ തരണം ചെയ്തതായി ഗവർണർ ആൻഡ്രു ക്വോമോ പറഞ്ഞു. എന്നാൽ ലോക്ഡൗണ്‍ പിൻവലിക്കാനുള്ള ട്രംപിന്‍റെ നീക്കത്തിനെതിരെ നിരവധി സംസ്ഥാനങ്ങളിലെ ഗവർണർമാർ രംഗത്തെത്തി. രോഗ നിർണയ മാർഗങ്ങൾ വർദ്ധിപ്പിക്കാതെ ലോക്ഡൗണ്‍ പിൻവലിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്നും ഗവർണർമാർ വൈറ്റ് ഹൗസിന് മുന്നറിയിപ്പു നൽകി.

ആരാധനാലയങ്ങൾക്കും കായിക മത്സരങ്ങൾ നടത്തുന്നതിനും ആണ് പ്രധാനമായും ദക്ഷിണ കൊറിയ ഇളവുകൾ ഏർപ്പെടുത്തിയത്. അമേരിക്ക കഴിഞ്ഞാൽ കൊവിഡ് കൂടുതൽ ബാധിച്ച യൂറോപ്യൻ രാജ്യങ്ങളിൽ മരണ നിരക്ക് കുറയുകയാണ്. ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ ഉപകരണങ്ങൾക്ക് ക്ഷാമം ഉണ്ടെന്ന് ബ്രിട്ടൻ തുറന്ന് സമ്മതിച്ചു. ഒരിക്കൽ ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കണമെന്ന നിർദേശം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം. 16000ത്തിലേറെ പേർ മരിച്ച ബ്രിട്ടനിലെ കെയർഹോമുകളിൽ ഏഴായിരത്തിലധികം പേർ മരിച്ചുണ്ടാകാം എന്ന റിപ്പോർട്ടുകളും പുറത്തുവന്നു. 

ഫ്രാൻസിൽ 19000 പേർ മരിച്ചു. ഇവിടെ കൊവിഡ് വ്യാപനം കുറയുന്നതിന്‍റെ സൂചനകൾ കണ്ട് തുടങ്ങിയെന്ന് പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്പ് പറഞ്ഞു. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്‍റെ ഭാഗമായി നഴ്സിംഗ് ഹോമുകളിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരെ കാണാൻ ഇന്ന് മുതൽ സന്ദർശകരെ അനുവദിക്കും. 

ലെബനനിൽ സ്ഥിതി 15 വർഷത്തെ ആഭ്യന്തര യുദ്ധത്തിനേക്കാൾ മോശമായെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ തലസ്ഥാനമായ ടെഹ്റാൻ ഭാഗികമായി തുറന്നു. കൊവിഡ്‌ പശ്ചാത്തലത്തിൽ പുറത്തു വിട്ട തടവുകാർക്ക് ഇറാൻ ഒരു മാസം കൂടി അവധി നീട്ടി നൽകി. അപകട സാധ്യത കുറഞ്ഞ ബിസിനസുകളും, ഫാക്ടറികളും വീണ്ടും തുടങ്ങാൻ അനുമതി നൽകി. പക്ഷെ അൽജീരിയ , മൊറോക്കോ, ക്രൊയേഷ്യ, സ്പെയിൻ എന്നീ രാജ്യങ്ങൾ ലോക്ഡൗണ്‍ നീട്ടി. നൈജീരിയൻ പ്രസിഡന്‍റിന്‍റെ ചീഫ് ഓഫ് സ്റ്റാഫ് കൊവിഡ് ബാധിച്ച് മരിച്ചു. 

ലാറ്റിനമേരിക്കയിൽ കൊവിഡ് ബാധ ഒരു ലക്ഷം കടന്നു. ബ്രസീലിന് ശേഷം കൊവിഡ് കൂടുതൽ ബാധിച്ചത് പെറുവിനെയാണ്. ഇതുവരെ 15000ത്തിലധികം പേർക്കാണ് പെറുവിൽ കൊവിഡ് സ്ഥിരീകരിച്ചു. 500 ലധികം പേർ മരിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ. 

പോളണ്ടിൽ ഇളവുകൾ ഏർപ്പെടുത്താൻ തീരുമാനിച്ചതിന് പിന്നാലെ കൊവിഡ് രോഗികളുടെ എണ്ണം കൂടി. 24 മണിക്കൂറിനിടെ 545 പേർക്ക് രോഗം സ്ഥിരീകരിച്ചു. കർശന മാർഗ്ഗ നിർദേശങ്ങൾ പാലിച്ചു കൊണ്ട് റമദാൻ നാളിൽ പള്ളികളിൽ ആരാധന നടത്താൻ പാകിസ്ഥാൻ അനുമതി നൽകി. അമേരിക്കയും യൂറോപ്പും കഴിഞ്ഞാൽ ടർക്കിയിലാണ് ലോകത്ത് കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്തത്. 86ആയിരം പേർ. കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന് അമേരിക്കയിലേക്ക് പോവുകയായിരുന്ന 1700 ഓളം കുടിയേറ്റക്കാരെ പനാമ സർക്കാർ കാട്ടിനുള്ളിലെ ക്യാമ്പിൽ പാർപ്പിച്ചു. ലോകമാകെ ഇതുവരെ 165000 പേർ മരിച്ചു.

Follow Us:
Download App:
  • android
  • ios