ന്യൂയോർക്ക്: ലോകത്തെ കൊവി‍ഡ് ബാധിതരുടെ എണ്ണം മുപ്പത്തിയൊന്ന് ലക്ഷത്തി മുപ്പത്തി ആറായിരം കവിഞ്ഞു. മരണം രണ്ട് ലക്ഷത്തി പതിനേഴായിരം പിന്നിട്ടു. 3,137,761 പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതിൽ 217,948 പേർ മരിച്ചു. ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള അമേരിക്കയിൽ 24 മണിക്കൂറിനിടെ 2450 പേർ മരിച്ചു. രോഗബാധിതരിൽ മൂന്നിലൊന്നും അമേരിക്കയിലാണ്.

ബ്രിട്ടണിൽ 586 ഉം ബ്രസീലിൽ 520 ഉം സ്പെയ്നിൽ 301 ഉം ഇറ്റലിയിൽ 382 ഉം ഫ്രാൻസിൽ 367 ഉം ഇക്വഡോറിൽ 208 ഉം ജർമ്മനിയിൽ 188 ഉം പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതിനിടെ ഫ്രാൻസ്, സ്വീഡൻ, ഓസ്ട്രേലിയ, സ്പെയ്ൻ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ മരണം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി തുടങ്ങി. സ്പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,000 കവിഞ്ഞു. അതേസമയം, കൊവിഡ് മരണത്തിന്റെ കണ്ണക്കുകളിൽ രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയില്‍ മരണം 27,000 കടന്നു.

അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്നു. മരണ സംഖ്യ അറുപത്തിനായിരത്തിലേക്ക് അടുക്കുന്നു. എന്നാൽ പ്രതിസന്ധി രൂക്ഷമായ ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി മെച്ചപ്പെടുന്നതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, ബ്രിട്ടനിൽ ആശുപത്രികളിലെ കൊവിഡ് മരണ സംഖ്യയിൽ കുറവ് വരുന്നുണ്ടെങ്കിലും പ്രായമായവരെ പരിചരിക്കുന്ന നഴ്സിംഗ് ഹോമുകളിൽ മരണ സംഖ്യ ഉയരുന്നു.