ലോകത്തെ 204 രാജ്യങ്ങളിൽ ഇതുവരെ കൊവിഡ് വൈറസ് എത്തി എന്നാണ് കണക്ക്. ഇതു കൂടാതെ കടലിലുള്ള അഞ്ച് കപ്പലുകളിലും കൊവിഡ് ബാധിതരുണ്ട്

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒൻപതര ലക്ഷം കടന്നു. ഏപ്രിൽ രണ്ട് ഇന്ത്യൻ സമയം വൈകുന്നേരം അഞ്ച് മണിക്കുള്ള വിവരങ്ങൾ അനുസരിച്ച് ആഗോളതലത്തിൽ 9,51,901 കൊവിഡ് ബാധിതരാണുള്ളത്. വിവിധ രാജ്യങ്ങളിലായി 47,522 പേർ കൊവിഡ് രോഗബാധിതരായി മരണപ്പെട്ടു. 1.95 ലക്ഷം കൊവിഡ് രോഗികൾ അസുഖം ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും. പുതിയ കണക്കനുസരിച്ച് ലോകത്തെ ഒരോ പത്ത് ലക്ഷം പേരിലും 135 പേർ കൊവിഡ് രോഗബാധിതരാണ്. 

വളരെ കുറച്ച് ജനസംഖ്യയുള്ള പപ്പുവാ ന്യൂഗിനിയ അടക്കമുള്ള ദ്വീപ് രാഷ്ട്രങ്ങളിലടക്കം ഇതിനോടകം കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്തെ 204 രാജ്യങ്ങളിൽ ഇതുവരെ കൊവിഡ് വൈറസ് എത്തി എന്നാണ് കണക്ക്. ഇതു കൂടാതെ കടലിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അഞ്ച് കപ്പലുകളിലും കൊവിഡ് ബാധിതരുണ്ട്. അഞ്ച് ശതമാനം മരണനിരക്കാണ് നിലവിൽ കൊവിഡിനുള്ളത്. 

ചൈനയിലെ വുഹാൻ നഗരത്തിലെ ഒരു മത്സ്യ-മാംസമാർക്കറ്റിൽ പൊട്ടിപ്പുറപ്പെട്ടു എന്നു കരുതുന്ന കൊവിഡ് വൈറസ് ബാധയിൽ കനത്ത ആൾനാശമുണ്ടായത് യൂറോപ്യൻ വൻകരയിലാണ്. ഇറ്റലിയിൽ 1.10 ലക്ഷം പേർക്ക് കൊവിഡ് രോഗം ബാധിക്കുകയും 13000 പേർ മരണപ്പെടുകയും ചെയ്തു. ഇറ്റലിയുമായി അതിർത്തി പങ്കിടുന്ന സ്പെയിനിൽ 1.10 ലക്ഷം പേർക്ക് രോഗം ബാധിക്കുകയും 10,000 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. 

നിലവിൽ ലോകത്തേറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്. 2.16 ലക്ഷം പേർ. ഇതുവരെ 5133 അമേരിക്കൻ പൗരൻമാർക്കാണ് കൊവിഡ് രോ​ഗം മൂലം ജീവൻ നഷ്ടമായത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ലോകത്തെ ആകെ കൊവിഡ് ബാധിതരുടെ പകുതിയും അമേരിക്ക, ഇറ്റലി,സ്പെയിൻ, ചൈന, ജർമ്മനി, ഫ്രാൻസ് എന്നീ ആറു രാജ്യങ്ങളിൽ നിന്നാണ്. 78,000 പേ‍ർക്ക് രോ​ഗം ബാധിച്ചെങ്കിലും ജർമ്മനിയിലെ മരണസംഖ്യ 932 മാത്രമാണ്. 11722 രോ​ഗികളെ അസുഖം ഭേദമാക്കി തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരാനും ജ‍ർമ്മനിക്ക് സാധിച്ചു. 

ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് ഇന്ത്യയിൽ 2113 പേർ കൊവിഡ് ബാധിതരാണ്. ഇതുവരെ അറുപത് പേ‍ർ രോ​ഗം ബാധിച്ചു മരിച്ചു. മരണപ്പെട്ട രോ​ഗികളിലേറെയും തെലങ്കാന ജില്ലയിൽ നിന്നുള്ളവരാണ്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ തെക്കേയിന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര, ​ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളിലും പോയ ദിവസങ്ങളിൽ രോ​ഗികളുടെ എണ്ണത്തിൽ വലിയ വ‍ർധനയാണ് ഉണ്ടായത്.

രോ​ഗബാധിതരിൽ 172 പേ‍ർ അസുഖം ഭേദമായി ആശുപത്രിയിലേക്ക് മടങ്ങിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അതിവേ​ഗമാണ് ഇന്ത്യയിൽ രോ​ഗം പരക്കുന്നത്. അഞ്ഞൂറ് പേ‍ർക്കാണ് കഴിഞ്ഞ 72 മണിക്കൂറിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.