Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധ മരുന്ന്; ഇന്ത്യയുമായി ചർച്ച തുടങ്ങിയെന്ന് റഷ്യ, മരുന്ന് ഉത്പാദനത്തിന് സാധ്യത തേടുന്നു

മരുന്ന് നിർമ്മാതാക്കളായ ഗമാലെയ റിസർച്ച് സെൻറർ ഉത്പാദനത്തിനും പങ്കാളികളെ തേടുകയാണ്. വൻതോതിൽ മരുന്ന് ഉത്പാദനത്തിന് ഇന്ത്യയിലെ സാധ്യത ആരായാനാണ് റഷ്യൻ തീരുമാനം

covid vaccine russia starts talk with india
Author
Moscow, First Published Aug 21, 2020, 9:16 AM IST

മോസ്കോ: കൊവിഡ് പ്രതിരോധ മരുന്നായ സ്പുടിനിക് 5ൻറെ ഉത്പാദനം സംബന്ധിച്ച് ഇന്ത്യയുമായി ചർച്ച തുടങ്ങിയെന്ന് റഷ്യ. റഷ്യൻ വിദേശ നിക്ഷേപ നിധി ഡയറക്ടർ കിറിൽ ദിമിത്രേവ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്പുട്നിക് അഞ്ചിന് താല്പര്യം പ്രകടിപ്പിച്ച് 20 രാജ്യങ്ങൾ ബന്ധപ്പെട്ടു എന്ന് റഷ്യ വ്യക്തമാക്കി. 

മരുന്ന് നിർമ്മാതാക്കളായ ഗമാലെയ റിസർച്ച് സെൻറർ ഉത്പാദനത്തിനും പങ്കാളികളെ തേടുകയാണ്. വൻതോതിൽ മരുന്ന് ഉത്പാദനത്തിന് ഇന്ത്യയിലെ സാധ്യത ആരായാനാണ് റഷ്യൻ തീരുമാനം. ഇക്കാര്യത്തിൽ ഇന്ത്യയുമായി ചില ചർച്ചകൾ നടന്നതായും ദിമിത്രേവ് അറിയിച്ചു. റഷ്യൻ വാക്സിൻറെ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങിയതായി ഇതുവരെ സൂചനയില്ല.

ലോകത്തിലെ ആദ്യ കൊവിഡ്  വാക്സിൻ എന്ന് അവകാശപ്പെട്ടു പുറത്തിറക്കിയ സ്പുട്നികിനെ പറ്റി ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രതികരണം  നടത്തിയിട്ടില്ല. മരുന്നിന്റെ ഫലപ്രാപ്തിസംബന്ധിച്ചു വ്യക്തത വന്ന ശേഷം ആലോചിക്കാം എന്നായിരുന്നു വിദഗ്ധ സമിതി നേരത്തെ തീരുമാനിച്ചത്. 

അതേസമയം, ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ എത്തിക്കുന്നത്  50 ലക്ഷം കൊവിഡ് വാക്സിനുകൾ എന്ന് റിപോർട്ടുകൾ പുറത്തുവന്നു. മുൻനിര പ്രതിരോധ  പ്രവർത്തകർ, സൈനികർ, ഗുരുതരാവസ്ഥയിൽ ഉള്ളവർ എന്നിവർക്കാണ് വാക്സിൻ നൽകുന്നതിൽ മുൻഗണന. ഇന്ത്യയിലെ വാക്സിൻ നിർമ്മാതാക്കളോട് എത്ര വാക്സിൻ നൽകാൻ കഴിയും എന്നത് സംബന്ധിച്ച് വിദഗ്ധ സമിതി റിപ്പോർട്ട്‌ തേടിയിരുന്നു. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓക്സ്ഫോർഡ് വാക്സിൻ ആവും ആദ്യം വിതരണത്തിന് എത്തുകയെന്നാണു സൂചന. അടുത്ത വർഷം പകുതിയോടെ വാക്സിൻ വിതരണത്തിന് എത്തും എന്നാണ് പ്രതീക്ഷ.
 

Follow Us:
Download App:
  • android
  • ios