വാഷിംഗ്ടൺ: ലോകത്ത് രോഗബാധിതര്‍ രണ്ടുകോടി അഞ്ച് ലക്ഷത്തി പതിനാലായിരം കടന്നു. മരണം ഏഴ് ലക്ഷത്തി നാല്‍പ്പത്തിമൂന്നായിരമായി. 13,434,367 പേരാണ് ഇതുവരെ രോഗമുക്തി നേടിയതെന്ന് വേൾഡോമീറ്റര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 
24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തി നാൽപ്പത്തിയെന്നായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലും ബ്രസീലിലും അമ്പതിനായിരത്തിലധികമാണ് പ്രതിദിന രോഗവർധന. ന്യൂസിലന്‍റിൽ 102 ദിവസത്തിന് ശേഷം സമ്പർക്കത്തിലൂടെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഓക്‍ലണ്ടിൽ മൂന്ന് ദിവസത്തേക്ക് പ്രാദേശിക ലോക്‍ഡൗൺ പ്രഖ്യാപിച്ചു. 

അതേ സമയം റഷ്യയുടെ കൊവിഡ് വാക്സിൻ സംബന്ധിച്ച് മതിയായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചു. എല്ലാ വാക്സിനുകളും മതിയായ ട്രയലുകൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണെന്നും ലോകാരോഗ്യ സംഘടന അസിസ്റ്റന്റ് ഡയറക്ടർ ഡോക്ടർ ജർബാസ് ബാർബോസ പ്രതികരിച്ചു.  അതേ സമയം ഇന്ത്യയിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇന്ന് 23 ലക്ഷം കടന്നേക്കും. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 11,088 പേർ രോഗികളായി.